കയ്പമംഗലം: ലോക്ക് ഡൗണിൽ സംസ്ഥാനത്ത് ചില ഇളവുകൾ നൽകിയെങ്കിലും കയ്പമംഗലം മണ്ഡലത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന് ഉന്നതതല യോഗം വിലയിരുത്തി. നിലവിൽ പോസിറ്റീവ് കേസുകൾ ഒന്നും തന്നെ ഇല്ലെങ്കിലും ജാഗ്രത കൈവിടാൻ സമയമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകി. മണ്ഡലത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇ.ടി .ടൈസൺ മാസ്റ്റർ എം.എൽ.എ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് വിലയിരുത്തൽ.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രവാസികളെയും ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്നവരെയും സ്വീകരിക്കാനുള്ള ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സമൂഹ അടുക്കളകളിൽ നിന്ന് 712 പേർക്കാണ് ഇപ്പോൾ ഭക്ഷണം നൽകി വരുന്നത്. വരും ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകളാക്കി സമൂഹ അടുക്കളയെ മാറ്റും. മണ്ഡലത്തിന്റെ പല ഭാഗങ്ങളിൽ അനാവശ്യ സഞ്ചാരവും കൂട്ടം കൂടലും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് ഡിപ്പാർട്‌മെന്റും അറിയിച്ചു.

വിവിധ വകുപ്പുകളും വിവിധ സംഘടനകളും നൽകിയ സഹായങ്ങളെ എം.എൽ.എ പ്രശംസിച്ചു. യോഗത്തിൽ മതിലകം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി, വൈസ് പ്രസിഡന്റ് ലൈന അനിൽ പഞ്ചായത്ത് പ്രസിഡന്റുമാർ ബി.ഡി.ഒ: വിനീത സോമൻ, സപ്ലൈസ് ഓഫീസർ സുധീർ കുമാർ, മതിലകം എസ്.എച്ച് ഒ: ഇ. പ്രേമാനന്ദകൃഷ്ണൻ, എക്‌സൈസ് സി.ഐ: സി.ആർ. പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.