കോടശ്ശേരി: കോടശ്ശേരി പഞ്ചായത്ത് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ പഞ്ചായത്ത് തലത്തിൽ റാപ്പിഡ് റെസ്‌പോൻസ് ടീം കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശീധരന്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ഷീജു മുഖ്യാതിഥിയായിരുന്നു. ഏലിഞ്ഞിപ്ര സി.എച്ച്.സി സൂപ്രന്റ് ഡോ .സോബി ജോർജജ് വളവി , വെള്ളികുളങ്ങര സി.ഐ കെ.പി. മിഥുൻ, കോടശ്ശേരി വില്ലേജ് ഓഫീസർ സത്യശീലൻ, ഹെൽത്ത് സൂപ്പർ വൈസർ പി.എം. മുഹമ്മദ് , പബ്ലിക് ഹെൽത്ത് സൂപ്പർ വൈസർ സൂസമ്മ, ഹെൽത്ത് ഇൻസ്‌പെക്ടർ, പബ്ലിക് ഹെൽത്ത് നേഴ്‌സ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
മേയ് 3 വരെ നിലവിലുള്ള ലോക്ക് ഡൗൺ കോടശ്ശേരി പഞ്ചായത്തിൽ തുടരാൻ തീരുമാനിച്ചു. പുതിയതായി വന്ന ഇളവുകൾ കോടശ്ശേരി പഞ്ചായത്തിന് ബാധകമല്ല. ഹോട്ടൽ, റെസ്റ്റോറന്റ് എന്നിവ വൈകീട്ട് 5 വരെ പാഴ്‌സൽ മാത്രമേ കൊടുക്കാവു. ജനങ്ങൾ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം യാത്ര ചെയ്യുക. മാസ്‌ക്, സാനിറ്റൈസെർ എന്നിവ ലഭ്യമാക്കാനുള്ള നടപടികൾ ബ്ലോക്ക് തലത്തിൽ തീരുമാനിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന നടത്താനും ആവശ്യമുള്ളവരെ ആശുപത്രിയിൽ എത്തിക്കാനും തീരുമാനിച്ചു .