തൃശൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ഏണ്ണം 869. വീടുകളിൽ 861 പേരും ആശുപത്രികളിൽ എട്ട് പേരും ഉൾപ്പെടെ ആകെ 869 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു.
ഇന്നലെ എട്ട് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 950 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 942 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 8 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 175 ഫോൺ കോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുള്ളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോസോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്.
ചൊവ്വാഴ്ച 10 പേർക്ക് കൗൺസലിംഗ് നൽകി. ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയും അടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2038 പേരെയും മത്സ്യച്ചന്തയിൽ 794 പേരെയും പഴവർഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 156 പേരെയും സ്‌ക്രീൻ ചെയ്തു. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിട്ടുളള സ്ഥലങ്ങളിലും അഗതികളെ പാർപ്പിച്ചിട്ടുളള ഇടങ്ങളിലും സ്‌ക്രീനിംഗും ബോധവത്കരണവും തുടരുന്നു.
അയ്യന്തോൾ പ്രദേശങ്ങളിൽ കോടതി സമുച്ചയം, അഡ്വക്കേറ്റ്ക്ലാർക്ക് അസോസിയേഷൻ ഹാൾ, ബാർ അസോസിയേഷൻ ഹാൾ, മീഡിയേഷൻ സെന്റർ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ്, എൽഐസി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങൾ സിവിൽ ഡിഫൻസ് വളണ്ടിയർമാരുടെ സഹകരണത്തോടെ അണുവിമുക്തമാക്കി. ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേത്തലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.