ചാലക്കുടി: ജീവിത പ്രാരാബ്ധങ്ങൾ ചുമലിലേറിയപ്പോൾ മാഞ്ഞുപോയ കലാവാസന ലോക്ക് ഡൗൺകാലത്ത് വീണ്ടും പൊടി തട്ടിയെടുക്കുകയാണ് മേച്ചിറയിലെ ലോഹിതാക്ഷൻ. മൂന്നാഴ്ച പിന്നിടുമ്പോൾ ചെറിയ പുസ്തകങ്ങളിൽ പിറവിയെടുത്തത് നിരവധി ചിത്രങ്ങൾ. കളർ പെൻസിൽ മാത്രം ഉപയോഗിച്ച് സൃഷ്ടിച്ച ജീവൻ തുടിക്കുന്ന ഒന്നാന്തരം ദൃശ്യങ്ങൾ. കൂത്തമ്പലങ്ങളും ആനപ്പൂരങ്ങളും ഗ്രാമീണ ചാരുതയുമെല്ലാം 53 മൂന്നുകാരനായ ലോഹി തന്റെ മകളുടെ നോട്ടുബുക്കുകളിൽ വരയ്ക്കുന്നു.

സ്വിസർലാന്റിലെ മാറ്റർഹോൺ പർവതത്തിൽ ഭാരത സാർക്കാരിനുള്ള ഐക്യദാർഢ്യമായി രൂപം കൊണ്ട ഇന്ത്യൻ പതാകയുടെ രൂപം പ്രതിഫലിച്ച ചിത്രം അതേ ആശയത്തോടെ ഇയാളും ചിത്രമാക്കി. കൊവിഡ് കാലത്ത് ജീവിതം താളതെറ്റിയ കടലിന്റെ മക്കളുടെ ജീവിതം, ഭക്ഷണത്തിനായി കാത്തിരിക്കുന്ന കുരങ്ങുകൾ തുടങ്ങിയവും മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ലോഹിയുടെ വരകളിൽ തെളിഞ്ഞു. വരച്ചുവരച്ച് ഇപ്പോൾ എത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തയ്യാറാക്കലിൽ.

പഠനകാലത്ത് ചിത്രം വരയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയെങ്കിലും കുലത്തൊഴിലായ സ്വർണ്ണപ്പണിയിലേയ്ക്ക് തിരിഞ്ഞപ്പോൾ വരകളുടെ വാസന എവിടെയോ പോയൊളിച്ചു. ഇതിനിടെ കളരിയുടെ സർവ പാഠവും സ്വായത്തമാക്കി. വിവാഹത്തിന് ശേഷം കണ്ണൂർ കളരിയിൽ നിന്നും അഭ്യസിച്ച ഉഴിച്ചിൽ ജീവിത ഉപാധിയാക്കി. ഇപ്പോഴും ഉഴിച്ചിലും പാരമ്പര്യ ചികിത്സാ മുറകളുമായി നെട്ടോട്ടം ഓടുമ്പോൾ മറ്റൊന്നിനും സമയം കിട്ടാറില്ല. മേച്ചിറയിലെ വാടക വീട്ടിൽ ലോക്ക്ഡൗൺ ജീവിതം വിരസമാകാതിരാക്കാൻ വരച്ചെടുക്കുന്ന ചിത്രങ്ങൾ ഭൂരിഭാഗവും വിവിധ ആശയങ്ങളുടെ നേർക്കാഴ്ചയാകുന്നു.

കൂടപ്പുഴ ശങ്കര മംഗലത്ത് വീട്ടിൽ കൃഷ്ണന്റെ മകൻ ലോഹിതാക്ഷന്റെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ചിത്രംവരയിൽ ഭാര്യ വിജലക്ഷ്മിയും രണ്ടു മക്കളും പ്രോത്സാഹനവുമായി കുടെയുണ്ട്. ജ്യേഷ്ഠനും പ്രശസ്ത ചിത്രകാരനുമായ നളിനാക്ഷനാണ് കുട്ടിക്കാലത്ത് തന്നെ ഈ രംഗത്തേയക്ക് കൈപിടിച്ചുയർത്തിയതെന്ന് ലോഹിതാക്ഷൻ പറഞ്ഞു.