തൃശൂർ: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ചുവപ്പ്, പച്ച, ഓറഞ്ച് എ, ഓറഞ്ച് ബി മേഖലകളിൽ തിങ്കളാഴ്ച മുതൽ നിലവിൽ വന്നതോടെ തൃശൂർ, മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരിലും തൃശൂർ, പാലക്കാട് ജില്ലാ അതിർത്തിയായ ചാലിശ്ശേരിയിലും പൊലീസ് പരിശോധന കർശനമാക്കി.
ജില്ലാ ക്രൈംബ്രാഞ്ച് സി.ഐ: ടി.കെ. ഷാജുവിനെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. തൃശൂർ, പാലക്കാട് ജില്ലകൾ ഓറഞ്ച് ബി മേഖലയാണ്. ഓറഞ്ച് ബി മേഖലയിൽ ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾ നിരോധിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾക്കും മാർഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്കും മാത്രമേ ജില്ലാ അതിർത്തിയും സംസ്ഥാന അതിർത്തിയും കടന്നുള്ള യാത്ര അനുവദിക്കുന്നുള്ളു.
സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തനാനുമതി നൽകിയിട്ടുളള കാര്യങ്ങൾക്കായി മാത്രമേ ഒരു ജില്ലയിൽ നിന്ന് അടുത്തുള്ള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നുള്ളതിനാൽ മറ്റ് ആവശ്യങ്ങൾക്കായി ജില്ല കടന്ന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് സി.ഐ: ടി.കെ. ഷൈജു പറഞ്ഞു. സി.ഐക്ക് പുറമേ ക്രൈംബ്രാഞ്ച് എസ്.ഐ: രാധാകൃഷ്ണൻ, സി.പി.ഒമാരായ ജിന്റോ, നീലകണ്ഠൻ, അഭിലാഷ്, പ്രദീപ് എന്നിവരും പരിശോധന സംഘത്തിലുണ്ടായി.