തൃശൂർ: ലോക്ക് ഡൗൺ കാലയളവിൽ ഓൺലൈനായി വാദം കേട്ട വിവിധ ജാമ്യാപേക്ഷകൾ തൃശൂർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ്മാരായ കെ.ആർ. മധുകുമാർ, മോഹൻ ജോർജ്ജ് എന്നിവർ തീർപ്പാക്കി. ലോക്ക് ഡൗൺ കാലയളവിൽ വാദം കേൾക്കുന്നതിന് ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ സെഷൻസ് കോടതിയിൽ സംവിധാനം ഒരുക്കിയിരുന്നു. ഓൺലൈൻ മുഖേന ഫയൽ ചെയ്ത ജാമ്യാപേക്ഷകൾ ഓൺലൈൻ മുഖേനത്തന്നെ ആക്ഷേപം ഫയൽ ചെയ്യുകയും, വാദം കേൾക്കുകയും ചെയ്യുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. ഇപ്രകാരം ജഡ്ജിയും, പബ്ലിക്ക് പ്രോസിക്യൂട്ടറും, പ്രതിഭാഗം അഭിഭാഷകനും ചേർന്നുള്ള വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാണ് ഹർജികളിൽ വിധി പ്രസ്താവിച്ചത്.

ജാമ്യാപേക്ഷകളിൽ 7 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ചെയ്തവർ മറ്റു കേസുകളിലൊന്നും ഉൾപ്പെട്ടില്ലെങ്കിൽ ജാമ്യം അനുവദിച്ചിട്ടുള്ളതാണ്. ജാമ്യം ആവശ്യപ്പെട്ട് ഫയൽ ചെയ്ത മറ്റു ഹർജികൾ പ്രോസിക്യൂഷൻ വാദം കേട്ട് തള്ളിയിട്ടുമുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ ഇതുവരെ ഫയൽ ചെയ്ത 141 ജാമ്യഹർജികളിൽ 30 ഹർജികൾ അനുവദിക്കുകയും 31 ഹർജികൾ തള്ളി ഉത്തരവാകുകയും മറ്റുള്ളവ പരിഗണനയിൽ ഇരിക്കുന്നതുമാണ്. പോക്‌സോ വകുപ്പുകൾ ഉൾപ്പെടുന്ന കേസുകളിൽ ജാമ്യത്തിനായി വന്ന 26 ഹർജികളിൽ 16 ഉം കോടതി തള്ളിയിരുന്നു.