തൃശൂർ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിപണി കണ്ടെത്താനാകാതെ വിഷമിച്ച കർഷകർക്കുവേണ്ടി കൃഷിവകുപ്പിന്റെ കൂടുതൽ വിപണികൾ. അതേസമയം, ഉപയോഗ ശൂന്യമാകുമായിരുന്ന പൊട്ടുവെള്ളരികൾ സംഭരിച്ച് താങ്ങാവുകയാണ് ഹോർട്ടികോർപ്.
മാർക്കറ്റിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇക്കോ ഷോപ്പുകൾ, കാർഷിക കർമ്മസേനകൾ, അഗ്രോ സർവീസ് ആഴ്ച ചന്തകൾ തുടങ്ങിയ സ്ഥാപനങ്ങൾ മുഖാന്തരമാണ് വിപണി കണ്ടെത്തിയത്. ജില്ലയിലെ വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകൾ, അയ്യന്തോൾ ദേശം പുലിക്കളി സമിതി, കാർഷിക സർവകലാശാല, കർഷകമിത്ര എന്നിവർ വഴിയും വിപണി ഒരുക്കിയിട്ടുണ്ട്. ഇതുവഴി പൊട്ടുവെള്ളരി, പൈനാപ്പിൾ, നേന്ത്രക്കായ, വെള്ളരി, വെണ്ട, മത്തൻ, കുമ്പളം, പടവലം, മുരിങ്ങക്കായ, എന്നിവയാണ് വിൽപ്പന നടത്തുന്നത്.
കർഷകരുടെ കൊയ്ത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചു. 10950 ഹെക്ടർ കോൾപ്പാടങ്ങളിലെ നെൽക്കൃഷിയിൽ 6650 ഹെക്ടർ നിലങ്ങളിൽ കൊയ്ത്ത് പൂർത്തിയാവുകയും ചെയ്തു. ഇതുവരെയായി 135 കോടി രൂപ വില വരുന്ന 50202 ടൺ നെല്ല് സപ്ലൈകോ സംഭരിച്ചിട്ടുണ്ട്. കൂടാതെ കർഷകർക്കായി സർക്കാരുടമസ്ഥതയിലും സ്വകാര്യ മേഖലയിലുമായി 100 ഓളം കൊയ്ത്തുയന്ത്രങ്ങളും പ്രവർത്തിക്കുന്നു. വിവിധ മേഖലകളിലായി ഹെക്ടറിന് ശരാശരി 78 ടൺ വിളവ് ലഭിച്ചിട്ടുണ്ട്. പല മേഖലകളിലും ഈ വർഷം റെക്കാഡ് വിളവാണ് ലഭിച്ചിരിക്കുന്നത്.
സംഭരിച്ചത് 15 ടൺ
വിളഞ്ഞു പാകമായ പൊട്ടുവെള്ളരികൾ വിൽക്കാൻ കഴിയാതെ വലഞ്ഞ കർഷകർക്ക് താങ്ങായത് കൃഷിമന്ത്രി. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജ്യൂസ് കടകൾ തുറക്കാനാകാത്ത സാഹചര്യത്തിൽ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു ഹോർട്ടികോർപ് പൊട്ടുവെള്ളരി ഏറ്റെടുത്തത്. പതിനഞ്ച് ടൺ വെള്ളരി സംഭരിച്ചു. അഞ്ച് ടൺ പൊട്ടുവെള്ളരി വെള്ളാങ്ങല്ലൂർ കൃഷി ഓഫീസിന്റെ നേതൃത്വത്തിലും സംഭരിച്ചിട്ടുണ്ട്.