ks-sinoj
ചീര കൃഷിയിടത്തിൽ കെ.എസ്. സിനോജ്

മാള: ലോക്ക് ഡൗൺ കാലത്ത് ചീര നട്ടാൽ ദേ, ഇങ്ങനെ വിളവെടുക്കാം. വീടുകളിൽ ലോക്കായവർക്ക് വിരസതയും വിളർച്ചയും ഇല്ലാതാക്കാൻ അടുക്കളത്തോട്ടത്തിൽ മാത്രമല്ല കൃഷിയിടത്തിലും ചീര കൃഷി പ്രയോജനപ്പെടുത്താമെന്ന് മാതൃക കാണിച്ചുതരികയാണ് കർഷകനായ കെ.എസ്. സിനോജ്. പൊട്ടുവെള്ളരിയിൽ പൊട്ടിയെങ്കിലും ചീരയിൽ മികച്ച നേട്ടമായിരുന്നു.

കുറഞ്ഞ ദിവസത്തിനകം വിളവെടുക്കാമെന്നതും പോഷകഗുണവും ചീരയുടെ പ്രത്യേതകയാണ്. ഗുണത്തിലും രുചിയിലും കേമനായ ചീര കൃഷി ചെയ്യുന്നത് വളരെ എളുപ്പവും ചെലവ് കുറഞ്ഞതുമാണ്. സി.ഒ വൺ, സി.ഒ ടു, സി.ഒ ത്രി എന്നിവ പച്ച നിറത്തിലും കണ്ണാറ ലോക്കൽ, അരുൺ എന്നിവ ചുവന്ന നിറത്തിലും കൃഷ്ണശ്രീ, രേണുശ്രീ എന്നിവ രണ്ട് നിറങ്ങളും ചേർന്നതാണ്.

ചുവന്ന ചീര

വിളർച്ച പോലുള്ള രോഗങ്ങൾ തടയുന്നതിനും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കൂടുതൽ നല്ലത്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാനും കഴിയും.

മണ്ണിന്റെ ഗുണമേന്മയും വളവും അനുസരിച്ച് ഒരു ഒന്നേകാൽ മുതൽ ഒന്നര മാസം കൊണ്ട് വിളവെടുക്കാം. വിഷമില്ലാത്ത ചീര കഴിക്കുകയും വീട്ടിലിരിക്കുന്നതിന്റെ വിരസത മാറ്റാനും ഈ കൃഷിക്ക് കഴിയും.

- കെ.എസ്. സിനോജ്

ചീര കൃഷി രീതിയിങ്ങനെ

(വിവരണം: പൊയ്യ കൃഷി അസിസ്റ്റന്റ് സുനിൽരാജ്)​

അഞ്ചു ഗ്രാം വിത്ത് കൊണ്ട് ഒരു സെന്റ് സ്ഥലത്ത് നടാം. ചെടി ചട്ടിയിലോ,​ ചെറിയ പ്ലാസ്റ്റിക് കവറിലോ ചീരത്തൈകൾ ഉണ്ടാക്കാം. പിന്നീട് ഇത് കൃഷി സ്ഥലത്തേക്ക് പറിച്ചു നടാം. ഉറുമ്പിന്റെ ശല്യം ഒഴിവാക്കാൻ ചീര വിത്തും റവയും കൂട്ടി കലർത്തുന്നത് ഉത്തമം. ചീരയരി പാകുമ്പോൾ അവ ഉറുമ്പ് കൊണ്ടുപോകാൻ സാദ്ധ്യതയുണ്ട്, അവ ഒഴിവാക്കാൻ ചീര അരികൾക്കൊപ്പം ചിലർ അരിയും ചേർക്കും. മഞ്ഞൾ പൊടി വിതറുന്നത് നല്ലതാണ്. അത് ഉറുമ്പിനെ അകറ്റി നിറുത്തും.

തടത്തിന്റെ ഒന്ന്‌ - രണ്ടു അടി ചുറ്റളവിൽ മണ്ണെണ്ണയോ ഡീസലോ തളിച്ചും ഉറുമ്പിനെ അകറ്റാം. പാകിയ ശേഷം രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനി തളിക്കുക. മുളച്ച് മൂന്നാഴ്ച കഴിയുമ്പോഴേക്കും ചീരത്തൈകൾ പറിച്ചു നടാം. നടാനുള്ള സ്ഥലം കളകൾ മാറ്റി രണ്ടോ മൂന്നോ വട്ടം കിളച്ചു നിരപ്പാക്കണം. ഈ സമയത്ത് അടിവളം നൽകണം. ഒരു സെന്റിനു 200 കിലോഗ്രാം ചാണകമോ മണ്ണിര കമ്പോസ്റ്റോ അടിവളമായി ഉപയോഗിക്കാം.

നടാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒന്നരയടി അകലത്തിലായി ഒരടി വീതിയും അര അടി താഴ്ചയും ഉള്ള ചാലുകൾ തയ്യാറാക്കണം. ഈ ചാലുകളിലാണ് ചീര തൈ പറിച്ചു നടേണ്ടത്. രണ്ടു ചീര തൈകൾ തമ്മിൽ അര അടിയെങ്കിലും അകലമുണ്ടാകണം. പറിച്ചു നട്ടു 25 ദിവസത്തിന് ശേഷം ആദ്യ വിളവെടുപ്പ് നടത്താം. ഓരോ വട്ടവും ചീര മുറിച്ച ശേഷം അൽപ്പം ചാണകം ചേർത്ത് മണ്ണ് കൂട്ടി കൊടുക്കണം. നന്നായി പരിചരിച്ചാൽ മാസങ്ങളോളം വിളവെടുക്കാം. ഒരു സെന്റ് സ്ഥലത്ത് ആയിരം ചീര ചെടികൾ നടാം. രണ്ട് നേരവും ജലസേചനം നൽകുന്നത് നല്ലതാണ്.