കൊടുങ്ങല്ലൂർ: നഗരസഭയിലെ പറമ്പിക്കുളങ്ങരയിൽ ബി.ജെ.പി കൗൺസിലർക്കെതിരെ സി.പി.എം നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നാളിതുവരെ ഈ വാർഡിൽ മുൻകൗൺസിലർമാർക്ക് ചെയ്യാൻ കഴിയാത്ത ജനോപകാര പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് കണ്ട് വിറളിപൂണ്ടാണ് ഇത്തരം ആരോപണങ്ങളും കെട്ടുകഥകളുമായി രംഗത്തെത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ബി.ജെ.പി മേത്തല മേഖലാ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.

കൊവിഡ് 19 മഹാമാരിക്കെതിരെ അടക്കം വാർഡിൽ നടന്നുവരുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ ജനസമ്മതനായ കൗൺസിലറുടെ പ്രവർത്തനം സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നുണ്ടെന്നാണ് തെറ്റായ ആരോപണങ്ങൾ വ്യക്തമാക്കുന്നത്. സി.പി.എമ്മിന്റെ താത്പര്യാനുസരണം പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെയുള്ള തരംതാണ പ്രതികാര നടപടിയിലും, കൗൺസിലർക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണത്തിലും ജനങ്ങൾക്ക് കടുത്ത അമർഷമുണ്ടെന്നും ബി.ജെ.പി മേത്തല മേഖലാ പ്രസിഡന്റ് ഷിംജികുമാർ, ജനറൽ സെക്രട്ടറി ഷൈൻ ചെരുവിൽ എന്നിവർ പ്രതിഷേധ കുറിപ്പിൽ പറഞ്ഞു.