എരുമപ്പെട്ടി: തിച്ചൂർ തളി റോഡിൽ വയ്ക്കോൽ ലോറിക്ക് തീപിടിച്ചു. കുന്നംകുളത്ത് നിന്ന് തളി നടുവട്ടത്തേക്ക് പോവുകയായിരുന്ന ലോറിയിലെ വയ്ക്കോൽ വൈദ്യുതി കമ്പിയിൽ ഉരസിയാണ് തീപിടിച്ചത്. ലോറിയിൽ അനുവദനീയമായതിലും ഉയരത്തിലാണ് വയ്ക്കോൽ കയറ്റിയിരുന്നത്. നാട്ടുകാരും വടക്കാഞ്ചേരി ഫയർഫോഴ്സും എരുമപ്പെട്ടി പൊലീസും ചേർന്ന് ശ്രമപ്പെട്ടാണ് തീയണച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതിന് ശേഷം ദേവിച്ചിറ കുളത്തിന്നടുത്തെത്തിച്ച് വാഹനത്തിൽ നിന്ന് വയ്ക്കോൽ മുഴുവനായും ഇറക്കി തീ പൂർണ്ണമായും അണച്ചു. എരുമപ്പെട്ടി എ.എസ്.ഐ സുഭാഷ് പൊലീസ് ഓഫീസർ ഉല്ലാസ് എന്നിവർ നേതൃത്വം നൽകി.