ചേലക്കര: കൊവിഡ് 19ന്റെ ദുരിത സാഹചര്യത്തിൽ അധിക പച്ചക്കറി ഉൽപാദനം ഉണ്ടാകുന്ന അവസ്ഥയിൽ കർഷകർക്ക് ആശ്വാസമായി ജീവനി സഞ്ജീവനി പദ്ധതി. കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് പദ്ധതിയിൽ ചേലക്കര മണ്ഡലത്തിൽ സംവിധാനം ഒരുക്കിയതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു.
പദ്ധതിയിൽ ഉൾപ്പെടുത്തി ഏപ്രിൽ 15 മുതൽ പ്രാദേശിക സംഭരണ വിതരണ സംവിധാനം ഒരുക്കിയിരുന്നു. യു.ആർ. പ്രദീപ് എം.എൽ.എയും ജില്ലാ കൃഷി ഓഫീസർ കെ. രാധാകൃഷ്ണനും ചേർന്ന് വിവിധ കൃഷിയിടങ്ങളിൽ നേരിട്ട് സന്ദർശിച്ചാണ് ഹോർട്ടികോർപ്പ് മുഖേന അധിക സംഭരണത്തിനായി സംവിധാനം ഒരുക്കിയത്. ഇതിലേക്കായി 30 ലക്ഷം രൂപ ഹോർട്ടികോർപ്പ് ലഭ്യമാക്കും. കർഷകർക്ക് സമയബന്ധിതമായി മികച്ച വില ലഭിക്കുന്നതിനോടൊപ്പം സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ വിഷാംശം ഇല്ലാത്ത പച്ചക്കറി ലഭിക്കുകയും ചെയ്യും. പഴയന്നൂർ ബ്ലോക്കിലെ 350 ഹെക്ടറിലും, വടക്കാഞ്ചേരി ബ്ലോക്കിലെ സുമാർ 50 ഹെക്ടറിലും ഉള്ള പച്ചക്കറി കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും.
പഴയന്നൂർ ബ്ലോക്കിലെ പഴയന്നൂർ ചേലക്കര പഞ്ചായത്തിലെ വിവിധ കാർഷിക ക്ലാസ്റ്ററുകൾ നേരിട്ട് എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ നരേന്ദ്രൻ, പ്രസാദ്, അസി. കൃഷി ഡയറക്ടർ ഷീബ ജോർജ്, പഴയന്നൂർ ബി.ഡി.ഒ എ. ഗണേഷ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.