ചേർപ്പ്: ലോക്ക് ഡൗണും ഈ വർഷത്തെ പ്രധാന വിൽപ്പനകാലയളവും പിന്നിട്ടതോടെ ആഭരണ നിർമ്മാണ തൊഴിലാളികൾ പ്രതിസന്ധിയുടെ കാണാക്കയത്തിൽ. പരമ്പരാഗത തൊഴിലാളികൾ ഏറെയുള്ള ചേർപ്പ്, വല്ലച്ചിറ, പെരിഞ്ചേരി, പെരുമ്പിള്ളിശേരി, അമ്മാടം, ചെറുവത്തേരി, പാറക്കോവിൽ, ഊരകം മേഖലയിലാണ് ദുരിതമേറെ. മേഖലയിൽ മാത്രം അയ്യായിരത്തിലേറെ തൊഴിലാളികളുണ്ട്. കേരളത്തിലെ പ്രധാന സ്വർണ്ണാഭരണ നിർമ്മാണ മേഖലയാണ് തൃശൂർ. ജില്ലയിൽ മാത്രം ഈ മേഖലയിൽ അന്യസംസ്ഥാനത്ത് നിന്നുള്ളവരെ കണക്കാക്കാതെ തന്നെ കാൽ ലക്ഷത്തിലേറെ തൊഴിലാളികളുണ്ട്.

പരമ്പരാഗതമായി സ്വർണപ്പണി നടത്തുന്ന പല വീടുകളും പണിശാലകളും ഒഴിഞ്ഞ് കിടക്കുകയാണ്. പണിക്കാവശ്യമായ ടൂൾസ് , ഡൈ കടകൾ, കളറിംഗ് കടകളും തുറക്കാത്തതിനാൽ പണികളും നിശ്ചലമായി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവാഹങ്ങളും മറ്റു ചടങ്ങുകളും ഇല്ലാതായതോടെ താലിമാല, മോതിരം, വളകൾ, കമ്മൽ എന്നിവയുടെ നിർമ്മാണ പ്രവൃത്തികളും നിലച്ചു. അന്യനാടുകളിലേക്ക് ആഭരണങ്ങൾ കൊണ്ടു പോകുന്നതും നിലച്ചു. ഏപ്രിൽ, മേയ് മാസം അക്ഷയ ത്രിതീയയും വിവാഹങ്ങളും ഏറുകയും ആഭരണങ്ങൾ വളരെയധികം വിൽക്കുകയും ചെയ്യുന്ന കാലയളവാണെന്ന് ജ്വല്ലറി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ചേർപ്പ് മേഖല പ്രസിഡന്റ് സാജി കൊട്ടിലപ്പാറ പറഞ്ഞു.

മാസങ്ങളായി പണികൾ ഇല്ലാത്തതിനാൽ സാധാരണ നിർമ്മാണ തൊഴിലാളികളും വൻകിട ആഭരണവ്യവസായ മേഖലയിലുള്ളവരും വീട്ടിൽ കഴിയുകയാണ്. ലോക്ക് ഡൗണിന് മുമ്പ് സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ നടന്ന വ്യാപകമായ റെയ്ഡും പൂർണ സ്തംഭനത്തിന് കാരണമായി.

മേഖലയിൽ അന്യസംസ്ഥാന തൊഴിലാളികളും പ്രതിസന്ധിയിലാണ്. സമഗ്രമായി ആഭരണ തൊഴിൽ ചെയ്യുന്നവരെ കണ്ടെത്തി ഒരു സൊസൈറ്റി രൂപീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ജെ.എം.എ പ്രസിഡന്റ് സാജി കൊട്ടിലപ്പാറ പറഞ്ഞു. ആഭരണ നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് ആയിരം രൂപ കൊടുക്കുന്നുണ്ടെന്ന് ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു ) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി സുകുമാരൻ പറഞ്ഞു. ജില്ലയിൽ ഇതുവരെയായി 4,000 പേർക്ക് കൊടുക്കാനായെന്നും അദ്ദേഹം വ്യക്തമാക്കി.

........................

ഒന്നര മാസമായി പണിയില്ല. വിഷമഘട്ടത്തിലാണ്. കൊല്ലം ജില്ലയിൽ പണിയില്ലാത്തതിനാൽ തൊഴിലാളി ആത്മഹത്യ ചെയ്യുന്നത് വരെയുണ്ടായി. കടകൾ തുറന്നാലും മേഖല പെട്ടെന്ന് തൊഴിൽ കിട്ടുമെന്ന പ്രതീക്ഷ കുറവാണ്. വിവാഹം നടക്കുന്നില്ല. പ്രധാനസീസൺ പിന്നിട്ടു. കച്ചവടത്തെ സംബന്ധിച്ച് മോശം സീസണാണ് മഴക്കാലം. ആഭരണ നിർമ്മാണവുമായി ബന്ധപ്പെട്ട പല വ്യാപാര സംഘടനകളും തുക മാറ്റിവച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ല.

കെ.ബി സുകുമാരൻ
സംസ്ഥാന വൈസ് പ്രസിഡന്റ്
ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു )

നിർമ്മാണം നടത്തിയിരിക്കുന്ന അനവധി ആഭരണങ്ങളും ഓരോ സ്വർണപ്പണിക്കാരന്റെയും പണിശാലകളിൽ ഒഴിഞ്ഞിരിക്കുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പണിക്കാർ മറ്റ് തൊഴിൽ തേടി പോകുന്ന സ്ഥിതിയാണ്

പി.ബി സതീശ് കുമാർ

പെരുമ്പിള്ളിശേരി സ്വദേശി