കൊടുങ്ങല്ലൂർ: ലോക്ക് ഡൗൺ ദിനങ്ങളെ അർത്ഥപൂർണമാക്കി പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രങ്ങൾ. ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ഓരോ ദിവസങ്ങളിലും സുരേഷിന്റെ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ അതത് ദിവസങ്ങളിൽ പ്രസക്തമായ വിഷയങ്ങളെ അധികരിച്ചായിരുന്നു. ലോകം വിഴുങ്ങാൻ ശ്രമിക്കുന്ന കൊവിഡിനെ ഒരു സർപ്പമായും അതിൽ നിന്നും രക്ഷ നേടാൻ ആവശ്യം പ്രതിരോധമാണെന്നും സൂചിപ്പിച്ച് മാസ്‌ക് ധരിച്ച കുട്ടിയെ കൂടി ഉൾപ്പെടുത്തിയുള്ള ശിൽപ്പം നിർമ്മിച്ചായിരുന്നു ദൗത്യത്തിന് തുടക്കമിട്ടത്.

എല്ലാവരും വീടുകളിൽ ഒതുങ്ങിയപ്പോൾ ബഹുമുഖ റോളിൽ സേവന സന്നദ്ധരായ നിയമപാലകന്റെ ചിത്രത്തോടെയാണ് ചിത്ര രചന ആരംഭിച്ചത്. കൊവിഡ് ബാധിതരെ ചികിത്സിച്ച ഇന്തോനേഷ്യൻ ഡോക്ടർ ആ രോഗം വന്നു മരിക്കും മുൻപ് മക്കളെ അവസാനമായി കാണാൻ ഗേറ്റിനു പുറത്തെത്തിയപ്പോൾ ഗർഭിണിയായ ഭാര്യ പകർത്തിയ ചിത്രം പുനരാവിഷ്‌കരിച്ച് പ്രണാമം അർപ്പിച്ചുള്ളതായിരുന്നു അടുത്ത സൃഷ്ടി.

ഡോ. ലീവെൻലിയാൻ ഖഔറോണ പ്രവാചകനെന്ന നിലയിലും, ഭൂമിയിലെ മാലാഖമാർ നഴ്‌സുമാർ തന്നെയെന്നും വരച്ച് കാട്ടിയതിനൊപ്പം കേരളത്തിന്റെ ഭൂപടം സ്വന്തം ടീ ഷർട്ടിൽ പ്രിന്റ് ചെയ്യുന്നത് സമൂഹമാദ്ധ്യമങ്ങളിലിട്ട് കേരളത്തെ ആദരിച്ച അമേരിക്കൻ ബ്‌ളോഗർ നിക്കോളായ് തോമസ് ചുക്ക്, മാസ്‌ക് നിർമ്മാണത്തിലേർപ്പെട്ട ഇന്ദ്രൻസ്, പ്‌ളാസ്റ്റിക് കവറിൽ പൊതിഞ്ഞ് സ്വന്തം മകളെ താലോലിക്കുന്ന സൈനികൻ, ഉൾപ്പെടെ കൊറോണക്കാലത്തെ വാർത്തകളിൽ നിറഞ്ഞവരും ഒട്ടുമിക്ക സംഭവങ്ങളും തന്റെ രചനയിൽ കൊണ്ടുവന്നു.

ഇടക്കൊരു വിവാദവും ഈ തുടർരചനയ്ക്കൊപ്പം ഉയർന്നിരുന്നു. കാസർകോടിന്റെ അതിർത്തി അടച്ചതിനെതിരെയുള്ള മലയാളി മനസ് ആവിഷ്‌കരിച്ചതാണ് ഒരു വിഭാഗത്തിന്റെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്. മനുഷ്യനും കൊവിഡും തമ്മിലുള്ള യുദ്ധത്തെ ചതുരംഗക്കളിയായി വീക്ഷിച്ച് ഈ പോരാട്ടത്തിൽ ജാഗ്രതയും കരുതലും എത്രമാത്രം പ്രാധാന്യമാണെന്നും ഈ കലാകാരൻ വരച്ചു കാട്ടുന്നുണ്ട്.