കൊടുങ്ങല്ലൂർ: മിനി സിവിൽ സ്റ്റേഷനിൽ എല്ലാ ഓഫീസുകളിലും നഗരസഭയുടെ മുൻകൈയ്യിൽ മാലിന്യ സംസ്‌കരണ സംവിധാനം ഏർപ്പെടുത്തുമെന്ന് ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ 26 ഓഫീസുകളിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനാണ് നഗരസഭാ സജ്ജീകരണം ഏർപ്പെടുത്തുന്നത്. ഓരോ ഓഫീസിലും ഉണ്ടാകുന്ന ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് ഓരോ ബയോഡൈജസ്റ്റർ പോട്ടുകൾ നൽകും. ഇത് കൊടുങ്ങല്ലൂർ റോട്ടറി ക്‌ളബ് സ്‌പോൺസർ ചെയ്ത് നൽകും. വിലയുടെ 90 ശതമാനം തുക നഗരസഭാ സബ്‌സിഡിയായി നൽകും. സിവിൽ സ്റ്റേഷനിലും പരിസരങ്ങളിലും കൂടിക്കിടക്കുന്ന മാലിന്യം നഗരസഭ ശേഖരിച്ച് സംസ്‌കരിക്കുമെന്നും സിവിൽ സ്റ്റേഷനിലുള്ള ഓഫീസുകളിലെ മാലിന്യ പരിപാലനം സംബന്ധിച്ച് ആദ്യം ഓഫീസ് മേധാവികൾക്കും അവർ ജീവനക്കാർക്കും പരിശീലനം നൽകുമെന്നും ചെയർമാൻ അറിയിച്ചു.