ഗുരുവായൂർ: ക്ഷേത്രത്തിൽ വൈശാഖ മാസാചരണത്തിന് നാളെ തുടക്കം. വൈശാഖ മാസത്തിൽ പുണ്യകർമങ്ങൾക്ക് ഇരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വസം. ഗുരുവായൂരിൽ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെടുന്ന കാലമാണ് വൈശാഖം. എന്നാൽ ഇത്തവണ ലോക്ക് ഡൗൺ ആയതിനാൽ ദർശനത്തിന് ഭക്തർക്ക് അനുമതിയുണ്ടാകില്ല.
ബലരാമ ജയന്തിയായ അക്ഷയ തൃതീയ, ശ്രീശങ്കര ജയന്തി, ബുദ്ധ പൗർണമി, നരസിംഹ ജയന്തി എന്നിവ ഈ മാസത്തിലെ വിശേഷ ദിവസങ്ങളാണ്. അക്ഷയ തൃതീയ 26നും ശ്രീശങ്കര ജയന്തി 28നും നരസിംഹജയന്തി മേയ് 6നും ആഘോഷിക്കും. വൈശാഖ മാസത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നാലു ഭാഗവത സപ്താഹങ്ങളാണ് നടക്കുക പതിവ്. ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷമെ ഇത്തവണ സപ്താഹം നടക്കുകയുള്ളൂ.
അക്ഷയതൃതീയ ദിനത്തിൽ ഗുരുവായൂരപ്പന് പൂജിച്ച സ്വർണ്ണം, വെള്ളി ലോക്കറ്റുകൾ വിതരണം ചെയ്യുതിന് പ്രത്യേക കൗണ്ടറുകൾ ക്ഷേത്രത്തിൽ പ്രവർത്തിക്കുക പതിവുണ്ട്. എന്നാൽ ഇത്തവണ ഇതും ഉണ്ടാകില്ല. അടുത്ത മാസം 22 നാണ് വൈശാഖമാസം സമാപിക്കുക.