ചാലക്കുടി: കൊരട്ടി ഗാന്ധിഗ്രാം ആശുപത്രിയിലെ അന്തേവാസികൾ സ്വരൂപിച്ച 35,000 രൂപ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ആശുപത്രി പരിസരത്ത് വച്ച് പ്രസിഡന്റ് സാജുദ്ദീൻ, ബി.ഡി. ദേവസി എം.എൽ.എയ്ക്ക് ചെക്ക് കൈമാറി. ആശുത്രി സൂപ്രണ്ട് ഡോ. വി.എ. ലത, സെക്രട്ടറി പ്രകാശൻ തുടങ്ങിയവർ സന്നിഹിതരായി. കൊരട്ടി സർവീസ് സഹകരണ ബാങ്ക്, ആശുപത്രിയിലേയ്ക്ക് മാസ്‌ക്കുകൾ നൽകി. സെക്രട്ടറി എൻ.ജി. സനലിൽ നിന്നും ഡോ.വി.എ. ലത ഏറ്റുവാങ്ങി.

മഹാമാരിയെ പ്രതിരോധിക്കുന്ന സർക്കാരിന് ഒരുകൈ സഹായമായി മാറി ആശുപത്രിയിലെ 140 അന്തേവാസികളുടെ ഈ മാതൃകാപരമായ തീരുമാനം. ഇവർക്ക് പ്രതിമാസം സർക്കാർ നൽകിവരുന്ന പ്രത്യേക ഭക്ഷണ തുകയായി 125 രൂപ വീതം ഓരോരുത്തരും ദൗത്യത്തിലേയ്ക്ക് നൽകുകയായിരുന്നു. വർഷങ്ങളായി ഇവിടെ കഴിഞ്ഞുകൂടന്ന സമൂഹത്തിലെ ഏറ്റവും പരിഗണന അർഹിക്കുന്ന ഇവർക്ക് മഹാമാരി പ്രതിരോധത്തിന് പണം നൽകുന്ന കാര്യത്തിൽ രണ്ടുവട്ടം ചിന്തിക്കേണ്ടി വന്നില്ല. കൊവിഡ് 19നെ ചെറുക്കുന്നതിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ആശുപത്രി പേഷ്യന്റ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സാജുദ്ദീൻ പറഞ്ഞു.