ചാലക്കുടി: കോടശേരി പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയതായി കളക്ടർ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് പഞ്ചായത്ത് പരിധിയെ ഹോട്ട് സ്‌പോട്ടിൽ പെടുത്തിയത്. മണ്ഡലത്തിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത് കോടശേരി കലിക്കൽക്കുന്നിലുള്ള ഒരു കുടുംബത്തിലെ മൂന്നു പേർക്കായിരുന്നു. ഇവർ രോഗമുക്തി നേടിയെങ്കിലും മുൻകരുതൽ എന്നനിലയിലാണ് പഞ്ചായത്തിൽ അതീവ ജാഗ്രതാ നടപടികളുണ്ടായത്. ഹോട്ട് സ്‌പോട്ടിൽ നിന്നും മാറ്റിയെങ്കിലും സർക്കാർ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് ബി.ഡി. ദേവസി എം.എൽ.എ അഭ്യർത്ഥിച്ചു. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതും തൊട്ടടുത്ത പ്രദേശമായ ചാലക്കുടി മണ്ഡലത്തിന് ഭീഷിണിയാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.