തൃശൂർ: കോർപറേഷൻ്റെ കീഴിലുളള തൃശൂർ മോഡല്‍ ഗേള്‍സ് സ്കൂൾ ക്യാമ്പിലെ 300 പേർക്ക് ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ ഉച്ചഭക്ഷണം നല്‍കുന്നത് സീതാവെങ്കിട്ടരാമന്‍റെ നേതൃത്വത്തിലുള്ള കൂട്ടായ്മ. വി. വിശ്വനാഥന്‍, രാധിക വിശ്വനാഥ്, ശ്രീരഞ്ച്, രേണു ശ്രീരഞ്ച്, ഗിരിജ, അനന്തരാമന്‍ എന്നിവരാണ് ഈ കൂട്ടായ്മയിലുള്ളത്. ഇവര്‍ക്കായി സൗജന്യമായി ഭക്ഷണം പാകം ചെയ്യുന്നത് വിനായക കാറ്ററിംഗിലെ ഗണേഷ് സ്വാമിയാണ്. വിയ്യൂരുള്ള വിനായക കാറ്ററിംഗിന്‍റെ പാചകശാലയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. 25,000 രൂപ കവി കെ.ആര്‍. രാമകൃഷ്ണന്‍ കഴിഞ്ഞദിവസം ക്യാമ്പിലെ ഭക്ഷണത്തിന് നൽകി. വടക്കുന്നാഥ ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നതില്‍ നിന്ന് ഒഴിവാക്കി അതിനായി വരുന്ന 15,000 രൂപയും നല്‍കി. അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ലോക്ക് ഡൗണിന്‍റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ എത്തിയവര്‍ക്കുമായി ഷീ ലോഡ്ജ് അടക്കം ആറ് ക്യാമ്പുകള്‍ ആരംഭിച്ചിരുന്നു. ഭക്ഷണം ഇല്ലാത്തവര്‍ക്കായി അഞ്ച് കിച്ചണുകളും ആരംഭിച്ചിരുന്നു.