ചാവക്കാട്: ചാവക്കാട് മേഖലയിലേക്ക് വില്പനക്കായി ദിവസങ്ങളോളം പഴകിയ മത്സ്യങ്ങൾ കൊണ്ടുവരുന്നതായി ആക്ഷേപം. ഭക്ഷ്യ സുരക്ഷാ വകുപ്പ് കാര്യമായ പരിശോധന നടത്തുന്നില്ലെന്നുള്ള പരാതിയും ഉയർന്നിട്ടുണ്ട്.
ആഴ്ച്ചകൾക്ക് മുമ്പ് ഗുരുവായൂർ നിന്ന് മായം കലർത്തിയ പഴകിയ മത്സ്യങ്ങൾ പിടികൂടിയപ്പോൾ ചാവക്കാട്ടെ മാർക്കറ്റിൽ നിന്ന് വാങ്ങിയതാണെന്ന് വിൽപനക്കാർ പറഞ്ഞിരുന്നു.
എന്നാൽ ഈ സമയത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് യാതൊരുവിധ പരിശോധയും നടത്തുന്നില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. നഗരസഭാ ആരോഗ്യ വിഭാഗത്തിന് മീനിന്റെ പഴക്കം അറിയാനുള്ള സംവിധാനം ഇല്ല. അതിനാൽ അവർക്ക് ഇത്തരത്തിലുള്ള മത്സ്യങ്ങൾ പിടികൂടാൻ സാധിക്കുന്നില്ല. ഇത്തരത്തിലുള്ള മത്സ്യങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന് മാത്രമേ പിടികൂടാൻ കഴിയുകയുള്ളു. ജില്ലയിലെ ഏറ്റവും വലിയ മത്സ്യ മാർക്കറ്റിൽ ഒന്നാണ് ബ്ലാങ്ങാട് കടപ്പുറത്തെ മത്സ്യമാർക്കറ്റ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി പഴകിയ മത്സ്യങ്ങൾ എത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം ഓപ്പറേഷൻ സാഗർ എന്ന പേരിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പരിശോധനയും നടത്തിയിരുന്നു. എന്നാൽ ചാവക്കാട്ടെ മാർക്കറ്റിൽ അത്തരത്തിലുള്ള പരിശോധനകൾ നടത്തുന്നില്ലെന്നാണ് പരാതിയുള്ളത്. ജില്ലയിലെ പലയിടങ്ങളിൽ പഴകിയ മത്സ്യങ്ങൾ പിടിക്കപ്പെട്ടിട്ടും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ഓഫീസിന് മൂക്കിന് താഴെയുള്ള ചാവക്കാട് ബ്ലാങ്ങാട് മാർക്കറ്റിൽ ഫുഡ് സേഫ്റ്റി പരിശോധന നടത്താത്തതിൽ വ്യാപക പരാതിയാണ് ഉയരുന്നത്.