chavakkad-police-help
ചാവക്കാട് എസ്.എച്ച്.ഒ അനിൽ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഗൃഹനാഥന് വീൽചെയർ നൽകുന്നു

ചാവക്കാട്: ജന്മനാ ഇരുകാലുകളും തളർന്ന് നടക്കാൻ കഴിയാത്ത ഗൃഹനാഥന് വീൽചെയർ നൽകി ചാവക്കാട് പൊലീസിന്റെ കൈത്താങ്ങ്. ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കടപ്പുറം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുന്നക്കച്ചാൽ പടിഞ്ഞാറ് തെരുവത്ത് വീട്ടിൽ അബ്ദുൽ ലത്തീഫിനാണ് ചാവക്കാട് എസ്.എച്ച്.ഒ അനിൽ ടി.മേപ്പിള്ളിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം വീട്ടിലെത്തി വീൽചെയർ കൈമാറിയത്.

ലോക്ക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം നടത്തുന്നതിനിടയിലാണ് അബ്ദുല്ലത്തീഫിന്റെ ദുരിതാവസ്ഥ പൊലീസ് നേരിട്ട് കാണുന്നത്. ലത്തീഫിനെ കൂടാതെ വീട്ടിലെ മറ്റു രണ്ടു സഹോദരങ്ങളും ജന്മനാ കാലുകൾ തളർന്ന് നടക്കാൻ കഴിയാത്തവരാണ്. ഇവർക്ക് വീൽചെയറുകൾ ഉണ്ടായിരുന്നെങ്കിലും ഇവ തകരാറിലായ അവസ്ഥയിലായിരുന്നു. തുടർന്ന് എസ്.എച്ച്.ഒ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.എ. ജിജി, സി.പി.ഒ മാരായ പ്രവീൺ, ജോഷി, ജയകൃഷ്ണൻ എന്നിവർ 24 മണിക്കൂറിനകം പുതിയ വീൽ ചെയർ വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു. ഇവരുടെ ദുരിതാവസ്ഥ കണ്ട പൊലീസ് എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.