തൃശൂർ: വലയിൽ നിന്നെടുത്ത് കടിച്ചുപിടിച്ച കരിമീൻ തൊണ്ടയിലേക്ക് ഊർന്നിറങ്ങിയതോടെ മരണവെപ്രാളം കാട്ടിയ അറുപതുകാരനെ മരണത്തിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചതും അതേ മീനെന്ന് ഡോക്ടർമാർ. സംസാരശേഷിയില്ലാത്ത ചാവക്കാട് എടക്കഴിയൂർ കടാലപ്പറമ്പിൽ കെ.എ കൃഷ്ണനാണ് (60) മരണത്തെ മുഖാമുഖം കണ്ടത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മീൻപിടിത്തക്കാരനായ കൃഷ്ണൻ കായൽതീരത്തിരുന്ന് വീശിയ വലയിൽ കുടുങ്ങിയ ആദ്യ മീനിനെ കടിച്ചു പിടിച്ചു.മീൻ വായിലേക്ക് ഊർന്നിറങ്ങി തൊണ്ടയിൽ കുടുങ്ങി. ഒച്ചയും ബഹളവും കേട്ടെത്തിയ നാട്ടുകാർ ചാവക്കാട് സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് ആംബുലൻസിൽ അമല ആശുപത്രിയിലും എത്തിച്ചു. ശ്വാസംമുട്ടി പിടഞ്ഞ കൃഷ്ണൻ ഇടയ്ക്ക് നിശ്ചലനായി. ഡോക്ടർമാർ പരിശോധിച്ചപ്പോൾ കണ്ടത് ഒരു വാൽ മാത്രമായിരുന്നു.
കത്രികയിട്ടു പിടിച്ചപ്പോൾ വാൽ മുറിഞ്ഞു. മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ അതിവേഗം ശ്വാസനാളത്തിന്റെയും അന്നനാളത്തിന്റെയും ഇടയിൽ നിന്ന് മീനിനെ പുറത്തെടുത്തു. ശ്വാസനാളത്തിൽ കുടുങ്ങിയ മീൻ ഇടയ്ക്കിടെ ചലിച്ചതാണ് കൃഷ്ണന്റെ ജീവൻ നിലനിറുത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞു. ഓരോ തവണ മീൻ ചലിക്കാൻ ശ്രമിക്കുമ്പോഴും ആ വിടവിലൂടെ പ്രാണവായു കൃഷ്ണന് ലഭിച്ചുകൊണ്ടിരുന്നു. ശ്വാസനാളം അടഞ്ഞാൽ മരണം ഉറപ്പായിരുന്നു.കൂർത്ത മുള്ളും ചിറകും വലിപ്പവുമുള്ള കരിമീൻ ശ്വാസനാളത്തിൽ കുടുങ്ങിയാൽ രക്ഷപ്പെടുന്നത് അപൂർവമാണെന്നും ഡോക്ടർമാർ പറയുന്നു.
ഡോ. അർജുൻ ജി. മേനോൻ, ഡോ. ലിന്റ ജേക്കബ്, ഡോ. അനൂപ് കുരുവിള, നഴ്‌സ് റീമ റാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.