എരുമപ്പെട്ടി: എരുമപ്പെട്ടി ,കടങ്ങോട് പഞ്ചായത്തുകളിൽ ലോക്ക് ഡൗൺ ലംഘിച്ചും കൊവിഡ് പ്രോട്ടോകോൾ പാലിക്കാതേയും വ്യാപര സ്ഥാപനങ്ങളും ഹോട്ടലും തുറന്ന് പ്രവർത്തിക്കുന്നു. ആരോഗ്യ വകുപ്പിലും പൊലീസിലും പരാതിപ്പെടുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. സമീപ പ്രദേശമായ പാലക്കാട് ജില്ലയിൽ ഉൾപ്പെട്ട തിരുമിറ്റക്കോട് പഞ്ചായത്ത് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതോടെ ജനങ്ങൾ അവശ്യ സാധനങ്ങൾക്കായി എരുമപ്പെട്ടി, വെള്ളറക്കാട്, കടങ്ങോട് പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേക്ക് കൂട്ടത്തോടെ എത്തുന്നുണ്ട്. മാസ്ക് ഉപയോഗിക്കാതേയും സാമൂഹിക അകലം പാലിക്കാതേയും കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും ലംഘിച്ചാണ് കച്ചവടങ്ങൾ പൊടിപൊടിക്കുന്നത്. എരുമപ്പെട്ടി സെൻ്ററിലെ റാണി ഹോട്ടലിനെതിരെ വലിയ പരാതികൾ ഉയർന്നിരിക്കുകയാണ്. മറ്റു ഹോട്ടലുകളും ചെറുകിട ചായക്കടകളും അടഞ്ഞ് കിടക്കുമ്പോഴും ഈ ഹോട്ടലിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ കച്ചവടം തകൃതിയായി നടക്കുന്നു. പാർസൽ നൽകുന്നതിൻ്റെ മറവിൽ കടയിൽ ഇരുത്തിയും ചായയും ഭക്ഷണവും നൽകുന്നുണ്ട്. പഴകിയ ഭക്ഷണം നൽകുന്നതായും ഭക്ഷണ വസ്തുക്കളുടെ അളവ് കുറച്ച് വൻ തുക ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. തുറക്കാൻ അനുമതിയില്ലാത്ത ചില കച്ചവട സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. രോഗവ്യാപനം തടയാൻ ആവശ്യമായ നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ട പൊലീസിൻ്റെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥയിൽ ജനങ്ങളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.