തൃപ്രയാർ : ലോക്ക് ഡൗണിൽ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും സഹായം നൽകിക്കൊണ്ടിരിക്കേ കെ.എസ്.എഫ്.ഇ ഏജന്റുമാർക്കും ഗോൾഡ് അപ്രൈസർമാർക്കും അനുവദിച്ചത് മേയ് മുതൽ അഞ്ച് ഗഡുക്കളായി തിരിച്ചടക്കേണ്ട വിധം 15,000 രൂപ. വരുമാനമില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ എല്ലാ കളക്‌ഷൻ ഏജന്റുമാർക്കും തിരിച്ചടവില്ലാത്ത 25,000 രൂപ സഹായം നൽകണമെന്ന് കെ.എസ്.എഫ്.ഇ ഏജന്റ്‌സ് അസോസിയേഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. മറ്റ് യൂണിയനുകളും സഹായഭ്യർത്ഥന നടത്തി. ഗോൾഡ് അപ്രൈസർമാരുടെ സംഘടനയും സഹായം ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ മറ്റൊരു സംഘടന പാര വച്ചതായാണ് ആക്ഷേപം. ഏജന്റുമാർക്കും ഗോൾഡ് അപ്രൈസർമാർക്കും തിരിച്ചു പിടിക്കാവുന്ന 10,000 രൂപ നൽകണമെന്ന് ഓഫീസേഴ്‌സ് യൂണിയൻ നിർദ്ദേശിച്ചെന്ന് ഏജന്റുമാർ കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഏജന്റ്/ അപ്രൈസർ റിലീഫ് അഡ്വാൻസ് എന്ന പേരിൽ 3000 രൂപ വീതം അഞ്ച് തത്തുല്യ ഗഡുക്കളായി തിരിച്ചു പിടിക്കാവുന്ന വിധം 15,000 രൂപ ഏജന്റുമാർക്കും ഗോൾഡ് അപ്രൈസർമാർക്കും അനുവദിച്ച് കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ കഴിഞ്ഞ 21 ന് ഉത്തരവിറക്കി. ലോക്ക് ഡൗൺ മേയ് മൂന്ന് വരെ തുടരുമെന്നിരിക്കേ അതിനു ശേഷമാണ് ഏജന്റുമാർക്ക് കളക്ഷൻ എടുക്കാൻ വീടുകളിൽ പോകാനാകുക. ജൂണിലായിരിക്കും ഇതിന്റെ കമ്മിഷൻ ലഭിക്കുക. എന്നാൽ മേയ് മുതൽ സെപ്തംബർ വരെയുള്ള അഞ്ച് മാസങ്ങളിലായി തിരിച്ചടവ് നടത്തണമെന്നാണ് ഉത്തരവ്. ഏപ്രിൽ 30 ന് മുമ്പ് ഏജന്റുമാർക്കും അപ്രൈസർമാർക്കും അഡ്വാൻസ് നൽകണമെന്നും ഉത്തരവുണ്ട്. ഇതോടെ കിട്ടിയ പണത്തിൽ നിന്ന് 3000 അപ്പോൾ തന്നെ കെ.എസ്.എഫ്.ഇ ക്ക് നൽകേണ്ട അവസ്ഥയാണ്. അഡ്വാൻസ് തുക കൈപ്പറ്റുന്നതിനു മുമ്പ് ഏജന്റുമാർ/അപ്രൈസർമാർ നൂറ് രൂപയുടെ മുദ്രപത്രത്തിൽ കെ.എസ്.എഫ്.ഇ ക്ക് സമ്മതപത്രം നൽകുകയും വേണം. തിരിച്ചടക്കുന്ന മാസങ്ങളിൽ ഏജന്റിന് കമ്മിഷൻ 3000 രൂപയിൽ താഴെയാണെങ്കിൽ ബാക്കി തുക ഏജന്റ് കൈയിൽ നിന്ന് എടുത്തുകൊടുക്കണമെന്നാണ് വ്യവസ്ഥ. അപ്രൈസർമാരുടെ ഗഡുക്കൾ അപ്രൈസർ ചാർജ്ജിൽ നിന്നാണ് തിരിച്ചു പിടിക്കുക.