തൃശൂർ: ലോക്ക് ഡൗണിനിടയിൽ കാൻസർ ബാധിതനായ സോഫ്റ്റ് വെയർ എൻജിനീയർക്ക് യു.കെയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്താൻ അനുമതി. മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഇടപെടലിലൂടെ 37 കാരനായ എൻജിനീയറും ഭാര്യയും മകളും പ്രത്യേകം ചാർട്ടർ ചെയ്ത ജെറ്റിൽ നാളെ ഉച്ചയോടെ കോഴിക്കോട് എയർപോർട്ടിലെത്തും.

കാൻസർ ബാധയെ തുടർന്ന് യു.കെയിൽ എൻ.എച്ച്.എസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. വളരെ ഗുരുതരമായ നിലയിലായിരുന്ന അദ്ദേഹത്തിന് നാട്ടിലെ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നും കോഴിക്കോട് ചികിത്സ തുടരണമെന്നുമായിരുന്നു ആഗ്രഹം. ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായ കോട്ടയം സ്വദേശി ടോം ആദിത്യയാണ് ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലൂടെ എൻജിനീയറുടെ ആഗ്രഹം അൽഫോൻസ് കണ്ണന്താനത്തെ അറിയിക്കുന്നത്.

എൻജിനീയറുടെ അപേക്ഷ അൽഫോൻസ് കണ്ണന്താനം ആദ്യം കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക് അയച്ചു. ഒരു മണിക്കൂറിനകം അനുമതി നൽകി അദ്ദേഹം കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. രണ്ട് മണിക്കൂർ കൊണ്ട് ആഭ്യന്തര സെക്രട്ടറി അംഗീകാരം കൊടുത്തു. പിന്നീട് ഇത് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ അനുമതിയോടെ അത് കേരള ചീഫ് സെക്രട്ടറിക്ക് റഫർ ചെയ്യുകയായിരുന്നു. രണ്ട് മണിക്കൂർ കൊണ്ട് കേരള ചീഫ് സെക്രട്ടറി അനുമതി നൽകിയതോടെ കേന്ദ്ര ആരോഗ്യ വകുപ്പിലേക്കും പിന്നീട് വ്യോമയാന വകുപ്പ് ഡയറക്ടർ ജനറലിന്റെ മുമ്പിലേക്കും എത്തുകയായിരുന്നു. അവിടെ നിന്ന് അവസാന ഉത്തരവും ഇറങ്ങി.

............

ഒരു സർക്കാരിന് എങ്ങനെ അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുമെന്നതിന്റെ തെളിവാണിത്. ഭാരത സർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും അവിശ്വസനീയമായ ഇടപെടലുണ്ടായി. ഭരണ തലത്തിൽ ഇത്ര വേഗത എൻ്റെ ജീവിതത്തിൽ കണ്ടിട്ടില്ല. നാല്പത് കൊല്ലത്തെ ഔദ്യോഗികവും രാഷ്ട്രീയവുമായ ജീവിതത്തിലെ ഏറ്റവും തൃപ്തികരമായ ദിവസമായിരുന്നു ഏപ്രിൽ 22.

അൽഫോൻസ് കണ്ണന്താനം

മുൻ കേന്ദ്ര മന്ത്രി