ചാലക്കുടി: ആരോഗ്യ പ്രോട്ടോക്കോൾ ലംഘിച്ച് ചെന്നൈയിൽ നിന്നും ചാലക്കുടിയിലെത്തിയ മൂന്നു ലോറികളും ഇതുമായി ബന്ധപ്പെട്ട് ഏഴുപേരെയും ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തു. വി.ആർ പുരം ഉറുമ്പൻകുന്നിലെ ഗോഡൗണിലേയ്ക്ക് പേപ്പർ ലോഡുകളുമായി എത്തിയതായിരുന്നു ലോറികൾ. ലോഡ് ഇറക്കിയ പ്രദേശവാസിയായ മലയാളിയെ നിരീക്ഷണത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ലോറി ജീവനക്കാരായ ആറ് പേരെ തമിഴ്‌നാട് അതിർത്തിയിലേയ്ക്ക് കടത്തി വിടുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോവുകയും ചെയ്തു. ആളൂർ സ്വദേശിയ പോൾ എന്നയാളുടേതാണ് നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന പേപ്പർ ഗോഡൗൺ. ലോറികളെത്തി ലോഡ് ഇറക്കി തുടങ്ങിയ ഉടനെ നാട്ടുകാർ വിവരം നഗരസഭ അധികൃതരെ അറിയിച്ചു. തുടർന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, സെക്രട്ടറി എം.എസ് ആകാശ്, ഹെൽത്ത് സൂപ്രണ്ട് ബാലസുബ്രഹ്മണ്യം എന്നിവർ സ്ഥലത്തെത്തി.
പിന്നാലെ പൊലീസും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ. ഷീജ എന്നിവരും എത്തി നടപടികളിലേയ്ക്ക് നീങ്ങി. പിന്നീട് ഫയർഫോഴ്‌സെത്തി ലോറികളും ഗോഡൗണും അണുവിമുക്തമാക്കി. സംഭവം അറിഞ്ഞയുടനെ അടിയന്തര നടപടികൾ സ്വീകരിച്ചുവെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പറഞ്ഞു.