photo
ജോയലിൻ്റെ അന്ത്യകർമ്മങ്ങൾ

മാള: ജോയൽ മണ്ണിലേക്ക് മടങ്ങിയ ദൃശ്യങ്ങൾ യൂ ട്യൂബിലൂടെ കണ്ട് ഡയാനയും മക്കളും വേദനയോടെ മസ്ക്കറ്റിൽ കഴിയേണ്ടിവന്നു. മസ്ക്കറ്റിൽ നിന്ന് ഭാര്യയും മക്കളും ചേർന്ന് യാത്രയാക്കിയെങ്കിലും മൃതദേഹത്തെ അനുഗമിക്കാനായില്ല. മാള പഴയാറ്റിൽ ജോസിൻ്റെ മകൻ ജോയൽ (42) കഴിഞ്ഞ വെള്ളിയാഴ്ചയാണ് അർബുദ രോഗത്തെ തുടർന്ന് മസ്ക്കറ്റിൽ മരിച്ചത്.

ജോയലിൻ്റെ ഭാര്യ ഡയാനയും മൂന്ന് മക്കളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. അർബുദ രോഗത്തിന് മൂന്ന് വർഷമായി നാട്ടിൽ ചികിത്സ നടത്തിയിരുന്ന ജോയൽ ഈ മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് രോഗവും മാനസിക സമ്മർദ്ദവും ഏറി. ലുലു എക്സ്സ്ചേഞ്ച് ഏരിയ മാനേജരായിരുന്നു. ഇന്നലെ ബംഗളൂരുവിൽ വിമാനമാർഗം എത്തിച്ച മൃതദേഹം ആംബുലൻസിൽ വയനാട് വഴി നാട്ടിലെത്തിച്ചു. തുടർന്ന് ലോക്ക് ഡൗൺ വിലക്കുകൾക്ക് അനുസരിച്ച് സാമൂഹിക അകലവും മാർഗനിർദേശങ്ങളും പാലിച്ച് വീട്ടിൽ ചടങ്ങുകൾ നടത്തി.

മൃതദേഹം കൊണ്ടുവന്ന പെട്ടിക്കരികിൽ നിന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പ്രാർത്ഥനാ ശുശ്രൂഷകൾ നിർവഹിച്ചു. ജോയലിൻ്റെ പിതാവ് ജോസ് ഉണ്ടായിരുന്നുവെങ്കിലും സഹോദരിയുടെ ഒപ്പം അമേരിക്കയിലുള്ള അമ്മയ്ക്ക് എത്താനായില്ല. തുടർന്ന് ആംബുലൻസിൽ മൃതദേഹം മാള ഫൊറോന പള്ളിയിലെത്തിച്ചു. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം സെമിത്തേരിയിലെത്തിച്ചപ്പോൾ എല്ലാവരെയും മാറ്റി. തുടർന്ന് പ്രത്യേക വസ്ത്രം ധരിച്ചവർ മുൻകരുതൽ മാർഗം സ്വീകരിച്ച് മൃതദേഹമടക്കം ചെയ്ത പെട്ടി തുറക്കുകയായിരുന്നു. പിന്നീട് ഇവിടത്തെ മഞ്ചയിലേക്ക് മാറ്റിയാണ് ജോയലിനെ അടക്കം ചെയ്തത്.