fci
എഫ്.സി.ഐ ഗോഡൗണുകളിലേക്ക് ഭക്ഷ്യവസ്തുക്കൾ ഇറക്കുന്ന തൊഴിലാളികൾ

തൃശൂർ : സംസ്ഥാനത്തെ എഫ്.സി.ഐ ഗോഡൗണുകളിൽ ഭക്ഷ്യവസ്തുക്കളുടെ സംഭരണം 85 ശതമാനം കവിഞ്ഞു. തുടർച്ചയായി ഭക്ഷ്യസാധനങ്ങൾ എത്തുന്നതോടെ ഈ മാസം അവസാനമാകുമ്പോഴേക്കും എല്ലാ ഗോഡൗണുകളിലും സംഭരണ ശേഷി കൈവരിക്കും. നിലവിലെ സംഭരണ കണക്ക് പ്രകാരം റേഷൻ കടകളിലൂടെ അഞ്ച് മാസം വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യം ഉണ്ട്.
മേയ് മാസത്തെ ഭക്ഷ്യധാന്യം വിതരണം ചെയ്ത ശേഷമുള്ള കണക്കാണിത്. ഇതിൽ മുപ്പത് ശതമാനം ഗോതമ്പും ബാക്കി അരിയുമാണ് സ്റ്റോക്ക് ഉള്ളത്. വെള്ളരി, മട്ട എന്നിവയാണ് സ്റ്റോക്ക് എത്തിയത്. സംസ്ഥാനത്തുള്ള 23 ഡോഡൗണുകളിൽ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഒഴിച്ച് എല്ലായിടത്തും സംഭരണം നടക്കുന്നുണ്ട്. കുറ്റിപ്പുറത്ത് ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാൽ ഇവിടെ കയറ്റിറക്ക് നിറുത്തിവച്ചിരിക്കുകയാണ്.

അന്നമുറപ്പിക്കാൻ തൊഴിലാളികളും

ദിനം പ്രതി അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഗണുകളിൽ നിന്ന് ഭക്ഷ്യധാന്യം ഇറക്കാൻ തൊഴിലാളികളും പ്രവർത്തന രംഗത്തുണ്ട്. കൊവിഡ് ഭീതിക്കിടെയാണ് മലയാളികൾക്ക് അന്നമുറപ്പിക്കാൻ തൊഴിലാളികളും കർമ്മനിരതരായി രംഗത്തുള്ളത്. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ഭക്ഷ്യ വസ്തുക്കൾ ഏത് സാഹചര്യത്തിൽ പാക്ക് ചെയ്താണ് എത്തുന്നതെന്ന് പോലും അറിയാതെയാണ് തൊഴിലാളികൾ തങ്ങളുടെ തൊഴിലെടുക്കുന്നത്. പുലർച്ചെ മൂന്ന് മുതൽ തന്നെ സംസ്ഥാനത്തെ എഫ്.സി.ഐ ഗോഡൗണുകളിലെ 1,400 ഓളം കയറ്റിറക്ക് തൊഴിലാളികൾ സജീവമാണ്.

സംസ്ഥാനത്തെ ആകെ എസ്.സി.ഐ ഗോഡൗണുകൾ 23
സംഭരണ ശേഷി 5,50,000 മെട്രിക് ടൺ
നിലവിൽ സ്‌റ്റോക്ക് 85 ശതമാനം

സംഭരിക്കാവുന്ന ഭക്ഷ്യധാന്യം, നിലവിൽ ഉള്ളത് (മെട്രിക് ടണിൽ)

മീനങ്ങാടി 20,000 (8,000)
തീക്കൊടി 35,000 (30,000)
കുറ്റിപ്പുറം 50,000 (3,500)
അങ്ങാടിപ്പുറം 15,000 (14,000)
പാലക്കാട് 75,000 (70,000)
കോഴിക്കോട് 35,000 (30,000)
തൃശൂർ 50,000 (42,000)
ചാലക്കുടി 10,000 (5,000)
അങ്കമാലി 35,000 (30,000)
അറക്കുളം 15,000 (10,000)
കോട്ടയം 15,000 (13,000)
കുന്ദന്താനം 50,000 (30,000)
ആലപ്പുഴ 20,000 (15,000)
വലിയതുറ 30,000 (20,000)
കഴക്കൂട്ടം 20,000 (15,000)
മാവേലിക്കര 25,000 (20,000)
ആവണീശ്വരം 10,000 (7000)

ഗോഡൗൺ നിറഞ്ഞവ (സംഭരണ ശേഷി)


കൊല്ലം 25,000
കരുനാഗപ്പിള്ളി 20,000
കൊച്ചി 25,000
നീലേശ്വരം 15,000
പയ്യന്നൂർ 30,000
കണ്ണൂർ മുഴുപ്പിലങ്ങാട് 15,000