പുതുക്കാട് : നാട്ടിലേക്ക് മടങ്ങുകയായിരുന്ന റഷ്യൻ സംഘം ദേശീയ പാതയ്ക്ക് സമീപത്തെ ബേക്കറിയിൽ കയറിയത് ആശങ്ക പരത്തി. വെള്ളവും ലഘുഭക്ഷണവും നൽകി ആരോഗ്യ വകുപ്പും പൊലീസും ഇടപെട്ട് സംഘത്തെ യാത്രഅയച്ചു. തിരുവനന്തപുരത്ത് 58 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ റഷ്യൻ സംഘമാണ് ഇന്നലെ വൈകീട്ട് പുതുക്കാടെത്തിയത്. ഗോവയിൽ നിന്ന് പ്രത്യേകം ചാർട്ട് ചെയ്ത വിമാനത്തിൽ നാട്ടിലേക്ക് പോകാനായി ട്രാവലറിൽ സഞ്ചരിച്ച ഒമ്പതംഗ സംഘമാണ് ദേശീയപാതയ്ക്ക് സമീപത്തെ തുറന്നിരുന്ന ബേക്കറിയിലേക്ക് ഒന്നിച്ച് കയറിയത്. മുഖാവരണവും അണുനാശിനിയുമില്ലാതെ വിദേശികളെ കണ്ട നാട്ടുകാർ അധികൃതരെ വിവരമറിയിച്ചു. ഉടനെ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി, രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തി. ജില്ലാ അധികൃതർക്കുള്ള ചീഫ് സെക്രട്ടറിയുടെ കത്തും മെഡിക്കൽ റിപ്പോർട്ടുകളും സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. സംഘത്തോടൊപ്പം ഡ്രൈവറും ഗൈഡും ഉണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങിയതും ബേക്കറിയിൽ കയറിയതും തെറ്റാണെന്ന് ആരോഗ്യ വകുപ്പ് സംഘത്തെ ബോദ്ധ്യപ്പെടുത്തി.