വാടാനപ്പള്ളി: ലോക്ക് ഡൗൺ കാലത്ത് കഞ്ചാവിനായി നൽകിയ പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നംഗ സംഘം അറസ്റ്റിൽ. തളിക്കുളം പുളിയംതുരുത്ത് പുതിയവീട്ടിൽ അബുതാഹിർ, പത്താംകല്ല് ഉമ്മുൽഖുറം വീട്ടിൽ അൽത്താഫിർ, തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. തളിക്കുളം പുതുക്കുളങ്ങര കളാംപറമ്പ് പുതിയേടത്ത് വീട്ടിൽ റിൻഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ 16 ന് രാത്രി പതിനൊന്നരയോടെ കളാം പറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്തെ റോഡിലായിരുന്നു സംഭവം. ആക്രമിച്ചവരും പരിക്കേറ്റയാളും കഞ്ചാവ് വാങ്ങി വിൽക്കുന്ന സംഘത്തിൽപെട്ടവരാണ്. പല സംഘങ്ങളിൽ നിന്ന് പണം വാങ്ങി പറഞ്ഞ സമയത്തിനകത്ത് ആവശ്യമായ കഞ്ചാവ് കൈമാറുകയാണ് പതിവ്. ലോക്ക് ഡൗൺ കാലമായതോടെ കഞ്ചാവ് ലഭ്യതയിൽ കുറവുണ്ടായെങ്കിലും പണം വാങ്ങി വിൽപ്പനയ്ക്ക് സംഘം ശ്രമിച്ചിരുന്നു. ഇത്തരത്തിൽ ആക്രമിക്കപ്പെട്ട റിൻഷാദ് പലരിൽ നിന്നും കഞ്ചാവിനായി വാങ്ങിയ പണം അറസ്റ്റിലായ മൂന്നംഗ സംഘത്തിന് നൽകി. ദിവസങ്ങൾ കഴിഞ്ഞിട്ടും കഞ്ചാവ് കിട്ടാതായതോടെ ഇയാൾ നൽകിയ പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതരായ മൂന്നംഗ സംഘം യുവാവിനെ ആക്രമിച്ചു. സമീപത്തെ പറമ്പിലെ ഇരുമ്പ് വേലിയിലെ പൈപ്പും മരവടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ റിൻഷാദിന്റെ മുഖത്തും കൈകൾക്കും സാരമായി പരിക്കേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള യുവാവിൽ നിന്ന് പൊലീസിന് ഇനിയും മൊഴിയെടുക്കാനായിട്ടില്ല. എസ്.ഐ ഗോപികുമാർ, എ.എസ്.ഐ ടി.ആർ ഷൈൻ, സി.പി.ഒമാരായ ആർ. ഹരികൃഷ്ണൻ, അലി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.