കൊരട്ടി: മേലൂർ കുറുപ്പത്ത് പന്തല്ലൂക്കാരൻ വീട്ടിൽ ലൂസി (46) എന്ന സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ അയൽവാസിയായ പാണേലി വീട്ടിൽ വേലായുധൻ ഭാര്യ തങ്ക ( 67) എന്ന സ്ത്രീയെ കൊരട്ടി സർക്കിൾ ഇൻസ്‌പെക്ടർ ബി. കെ അരുൺ, സബ്ബ് ഇൻസ്‌പെക്ടർ രാമു ബാലചന്ദ്ര ബോസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പിടിയിലായ തങ്കയുടെ മകൻ അനിൽ 2014 ൽ അയൽവാസി ആയ ലൂസിയെ ആക്രമിച്ച കേസ് നിലവിലുണ്ട്. പ്രസ്തുത കേസ് ഒത്തുതീർപ്പാക്കാത്തതിലുള്ള വിരോധം കൊണ്ടാണ് പ്രതി ലൂസിയെ ആക്രമിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഏഴാം തിയതി കല്ലുകൊണ്ടാണ് മർദ്ദിച്ചത്. ലൂസിയുടെ ഇടതു കൈയ്ക്കും, നെഞ്ചത്തും പരിക്കേറ്റിരുന്നു. ഇവരെ പിന്നീട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് തൃശൂർ വനിതാ ജയിലിലേക്കയച്ചു.