വാടാനപ്പിള്ളി: ലോക്ക് ഡൗൺ സമയത്ത് ഒന്നും ചെയ്യാനില്ലാതായപ്പോൾ ഈ യുവാക്കൾ വ്യത്യസ്ത രീതിയിലുള്ള പ്രവർത്തനത്തിലേർപ്പെടുകയായിരുന്നു. പുഴയിൽ നിന്നും റോഡരികിൽ നിന്നും ശേഖരിച്ച പ്ളാസ്റ്റിക്ക് കുപ്പികൾ കൊണ്ട് ചങ്ങാടം നിർമ്മിച്ചു.
ചേറ്റുവ കിഴക്കുഭാഗത്ത് കുന്നത്തങ്ങാടി പ്രദേശത്തുള്ള എതാനും യുവാക്കളാണ് മാതൃകയായത്. പരിസ്ഥിതിക്ക് ദോഷമാകുന്ന പ്ളാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചുളള നിർമ്മാണത്തിൽ മുളകളും ഉപയോഗിച്ചു. വളരെ നല്ല രീതിയിലാണ് വഞ്ചി രൂപകല്പന ചെയ്തത്. മുളകൾ കൊണ്ട് ആദ്യം ഫ്രെയിം ഉണ്ടാക്കി. അതിൽ കുപ്പികൾ രണ്ടു തട്ടുകളായി ക്രമീകരിച്ചു. കുപ്പികൾ ലംബമായി അടുക്കി വച്ചശേഷം അതിനു മുകളിൽ മുളകൾ കൊണ്ട് പ്ളാറ്റ്ഫോം നിർമ്മിച്ചു. കുപ്പികൾക്കുള്ളിലെ വായുസമ്മർദ്ദം മൂലം ചങ്ങാടം വെള്ളത്തിൽ പൊന്തിക്കിടക്കും.
പത്ത് അടി നീളവും ആറ് അടി വീതിയും ചങ്ങാടത്തിനുണ്ട്. പത്ത് പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. സുധീർ പണ്ടാരത്തിൽ, റാഫി കൈനയിൽ എന്നിവരാണ് നിർമ്മാണത്തിനാവശ്യമായ മുളകൾ നൽകിയത്. പുഴയിൽ നിന്നുമാണ് പകുതിയിൽ അധികവും പ്ളാസ്റ്റിക് കുപ്പികൾ ശേഖരിച്ചത്. തികയാതെ വന്നവ സമീപ പ്രദേശത്തെ വീടുകളിൽ നിന്നും ആക്രികച്ചവടക്കാരിൽ നിന്നും കണ്ടെത്തി.
ലോക്ക് ഡൗൺ നിബന്ധനകൾ നിലനിൽക്കുന്നതിനാൽ ദിവസേന രണ്ട് പേർ ചേർന്നാണ് പണി നടത്തിയത്. പിന്നീട് ചങ്ങാടം നീറ്റിലിറക്കി. ലോക്ക് ഡൗൺ കഴിയുന്നതോടെ ചങ്ങാടത്തിൽ സഞ്ചരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇവർ. നാട്ടുകാർ നൽകിയ ആദരവിന്റെ ഊർജ്ജത്തിൽ വെറുതെയിരിക്കാൻ ഇവർ തയ്യാറല്ല. നിരവധി പേർ സായാഹ്ന സവാരിക്കായി വന്നിരിക്കാറുള്ള കനോലി കനാലിന് സമീപം ഇരിപ്പിടങ്ങളും പൂന്തോട്ടങ്ങളും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാക്കൾ.
ഡി.വൈ.എഫ്.ഐ കുന്നത്തങ്ങാടി പി.കെ.ജി യൂണിറ്റ് പ്രവർത്തകരാണിവർ. ചിത്രകലാ അദ്ധ്യാപകനായ സുധീഷ് ആണ് ഇങ്ങനെ ഒരു ആശയം മുന്നോട്ട് വെച്ചതെന്ന് ഇവർ പറഞ്ഞു. അത് മറ്റുള്ളവർ ഏറ്റെടുത്തതോടെ വൻ വിജയമായി. ശ്രീജിത്ത് മാഞ്ചേരി, ഷിനോജ് മാഞ്ചേരി, ബാബു മാഞ്ചേരി, നിധിൻ മാഞ്ചേരി, പ്രസാദ് കൊരട്ടിപറമ്പിൽ, പ്രനിൻ കൊരട്ടിപറമ്പിൽ എന്നിവരാണ് ചങ്ങാട നിർമ്മാണത്തിന്റെ നേതൃത്വം.