 
എരുമപ്പെട്ടി: മത്സ്യക്കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് യുവ കർഷകനായ കടങ്ങോട് മനപ്പടി വലിയപറമ്പിൽ ശ്രീനിഷ്. ലോക്ക്ഡൗൺ കാലത്ത് ശ്രീനിഷിൻ്റെ വളർത്ത് മത്സ്യങ്ങൾക്ക് നാട്ടിൻ പുറങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. ലോക്ക് ഡൗൺ കാലം കാർഷിക മേഖലകളിൽ നഷ്ടങ്ങളുടെ കണക്ക് നിരത്തുമ്പോൾ മത്സ്യക്കൃഷി ശ്രീനീഷിനും സഹപ്രവർത്തകർക്കും സമൃദ്ധിയുടെ നാളുകളാണ് സമ്മാനിക്കുന്നത്.
കടൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതും വരുന്ന മത്സ്യങ്ങളുടെ പഴക്കവും രാസപ്രയോഗവും ശ്രീനീഷിൻ്റെ നാടൻ മത്സ്യങ്ങൾക്ക് ആവശ്യക്കാരെ വർദ്ധിപ്പിച്ചു. ശുദ്ധജലത്തിൽ വളർത്തിയ മത്സ്യങ്ങളുടെ ഗുണമേൻമയും മിതമായ വിലയും മത്സ്യപ്രിയർക്ക് വലിയ ആശ്വാസമായി മാറുകയാണ്. ദിവസവും അഞ്ഞൂറ് കിലോയിലധികം മത്സ്യം വിൽപ്പന നടക്കുന്നുണ്ട്.
11 വർഷമായി മത്സ്യക്കൃഷി ചെയ്തു വരുന്ന ശ്രീനിഷിന് 2017ൽ മികച്ച ശുദ്ധജല മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ പഞ്ചായത്ത് കുളങ്ങൾ ലേലത്തിനെടുത്താണ് കൃഷി ഇറക്കിയിരുന്നത്. ഇപ്പോൾ പ്രവർത്തനമില്ലാതെ കിടക്കുന്ന കരിങ്കൽ ക്വാറികളും കോൾപാടങ്ങളും പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. ഒരോ വിളവെടുപ്പിലും ആയിരം കിലോയിലധികം തൂക്കം മത്സ്യം ലഭിക്കാറുണ്ട്. ഫിഷറീസ് വകുപ്പിന് കീഴിൽ പതിനാല് ഏക്കർ ക്വാറി പാട്ടത്തിനെടുത്തും പങ്ക് ചേർന്നും വിവിധയിനം മത്സ്യങ്ങളെ വളർത്തുന്നുണ്ട്.
ബാഗ്ലൂരിലെ ഹെസർഗാട്ട സി.ഐ.എഫ്.എ, സി.ഐ.എഫ്.ആർ.ഐ കാംപസിൽ നിന്നും, കേരള ഫിഷറീസ് സെൻ്ററിൽ നിന്നും പരിശീലനം നേടിയ ശ്രീനിഷ് കടങ്ങോട്, പോർക്കുളം, കാട്ടകാമ്പാൽ, കടവല്ലൂർ എന്നീ പഞ്ചായത്തുകളിലെ അക്വാകൾച്ചർ പ്രമോട്ടർ കൂടിയാണ്. ഫിഷറീസിൻ്റെ സഹായവും സബ്സിഡിയും ഉപയോഗപ്പെടുത്തി ശാസ്ത്രീയമായി പരിശീലിച്ച് കൃഷിയിറക്കിയാൽ വിജയം സുനിശ്ചിതമെന്നും ശ്രീനീഷ് അഭിപ്രായപ്പെടുന്നു.
..........................
ഉപയോഗിക്കുന്ന മത്സ്യങ്ങൾ
ആസാം വാള ,അനാബസ്, കട്ട്ള, രോഹു, മൃഗാൽ, ഗ്രാസ്, കാർപ്, കോമൺ കാർപ് എന്നീ ഇനങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. ഇതിന് പുറമെ നാല് ഏക്കർ ഫാമിൽ കരിമീൻ, കാർപ്പ് മത്സ്യങ്ങളും, 250 ഏക്കർ കോൾപാടത്ത് കാർപ്പ് കൃഷിയും ചെയ്യുന്നുണ്ട്.