തൃശൂർ: 16 ദിവസമായി കൊവിഡ് 19 വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അന്യസംസ്ഥാനത്ത് നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും എത്തുന്ന നുഴഞ്ഞു കയറ്റക്കാർ ഭീഷണിയാകുന്നു. ആലപ്പുഴയ്ക്ക് പുറമെ തൃശൂർ ജില്ല മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് മുക്ത ജില്ലകൾ. എന്നാൽ സംസ്ഥാനത്തെ റെഡ് സോണിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ജില്ലയുടെ പ്രതിരോധത്തിന് ഭീഷണിയാകുന്നുണ്ട്. അതിർത്തികൾ കടക്കുമ്പോൾ പാലിക്കേണ്ട പെരുമാറ്റചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് പലരുമെത്തുന്നത്.

ജില്ലയിലെത്തിയ ഇവർ ഓട്ടോകളിൽ അടക്കം കറങ്ങി നടക്കുകയാണ്. ആരോഗ്യ വകുപ്പ് ജീവനക്കാർ അറിയാതെയാണ് ഇത്തരക്കാർ താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ നുഴഞ്ഞുകയറിയ 20 ഓളം പേരെയാണ് ആരോഗ്യ വകുപ്പ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയത്. ഇവരടക്കം ജില്ലയിൽ 40 ഓളം പേരാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞദിവസം തമിഴ്‌നാട്ടിൽ നിന്നും ജില്ലയിലെത്തി കറങ്ങിനടന്ന പത്ത് പേരെയാണ് പിടികൂടിയത്. ആറ് പേർ കോയമ്പത്തൂരിൽ നിന്നും നാലുപേർ നാഗർകോവിൽ നിന്നുമാണ് തമിഴ്‌നാടിൽ നിന്നും ജില്ലയിലെത്തിയത്. സംസ്ഥാനത്ത് റെഡ് സോണിലുള്ള കണ്ണൂരിൽ നിന്നും രണ്ടുപേരും ജില്ലയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് നാലും പാലക്കാട് നിന്ന് രണ്ടും ബംഗളൂരുവിൽ നിന്നും ഒരാളെയും പിടികൂടി നിരീക്ഷണത്തിലാക്കി.

ഇത്തരക്കാരെ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ ആരോഗ്യവകുപ്പ് രൂപീകരിച്ചിട്ടുണ്ട്. ജില്ലയുടെ അതിർത്തിയായ കുന്നംകുളം, വെളിയംകോട്, മലക്കപ്പാറ, വാണിയമ്പാറ, കോട്ടപ്പുറം അടക്കം അതിർത്തിയിൽ കർശന പരിശോധനയാണ് നടക്കുന്നത്. ഡ്രോൺ അടക്കം സംവിധാനം ഉപയോഗിച്ച് അതിർത്തി കടക്കാൻ സാദ്ധ്യതയുള്ള ഉൾറോഡുകളിലും പരിശോധന നടക്കുന്നുണ്ട്. എന്നിട്ടും നടപടിക്രമങ്ങൾ പാലിക്കാതെ ഇത്തരത്തിൽ ഇതര ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എങ്ങനെ എത്തിയെന്ന കാര്യത്തിൽ ആരോഗ്യ വകുപ്പ് ഭീതിയിലാണ്. ഇക്കാര്യം വ്യക്തമാക്കി ജില്ലാ ആരോഗ്യ ഓഫീസർ ജില്ലാ കളക്ടർ എസ്. ഷാനവാസിന് നിലവിൽ നിരീക്ഷണത്തിൽ ആക്കിയവരുടെ വിവരങ്ങൾ അടക്കം റിപ്പോർട്ട് ചെയ്ത് കത്തയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ അതിർത്തികളിലും ഇതര മേഖലകളിലും കർശന പരിശോനയാണ് വെള്ളിയാഴ്ച നടത്തിയത്.