ചാവക്കാട് \ ആലപ്പുഴ : കൊവിഡ് ബാധിച്ച് രണ്ടുമലയാളികൾ ദുബായിൽ മരിച്ചു. ചാവക്കാട് ചേറ്റുവ ചുള്ളിപ്പടി ചിന്നക്കൽ കുറുപ്പത്ത് വീട്ടിൽ ഷംസുദ്ദീൻ (65), കുട്ടനാട് രാമങ്കരി പഞ്ചായത്ത് വേഴപ്ര നെല്ലുവേലി ഇട്ടച്ചൻപറമ്പിൽ ജേക്കബ് തോമസ് (ചാച്ചപ്പൻ-49) എന്നിവരാണ് മരിച്ചത്.
ദുബായ് പൊലീസിൽ മെക്കാനിക്കൽ മെയിന്റനൻസ് വിഭാഗം ജീവനക്കാരനായിരുന്നു ഷംസുദ്ദീൻ. ഒരാഴ്ചയിലേറെയായി കൊവിഡ് ലക്ഷണങ്ങളോടെ കുസൈസ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയ ശക്തമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: താഹിറ. മക്കൾ: ഷിഹാബുദ്ദീൻ (ഖത്തർ), സിറാജ്, ഹാജറ, ഷജീറ. മരുമക്കൾ: കെബീർ, ഷമീർ, ജഫീല, റൈഹാനത്ത്. കബറടക്കം കൊവിഡ് പ്രൊട്ടോക്കോൾ അനുസരിച്ച് ദുബായിൽ നടക്കും. 48 വർഷമായി ദുബായിൽ ജോലിചെയ്യുകയായിരുന്ന ഷംസുദ്ദീൻ, ഈ വർഷം വിരമിക്കാനിരിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് നാട്ടിൽ അവധിക്ക് വന്നുപോയത്.
എൻ.സി.തോമസ് - മറിയാമ്മ ദമ്പതികളുടെ മകനായ ജേക്കബ് തോമസ്, ദുബായിലെ എ.ഡി.ഇ-ആതംസ് എന്ന സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ : ബെറ്റ്‌സി. ഇരുപത് വർഷമായി വിദേശത്ത് ജോലി നോക്കിയിരുന്ന അദ്ദേഹം നാലുമാസം മുമ്പാണ് നാട്ടിൽ അവധിക്ക് വന്നുപോയത്. സംസ്‌കാരം ദുബായിൽ നടക്കും.