കൊടുങ്ങല്ലൂർ: കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ മണ്ഡലത്തിൽ വിപുലമായ കൃഷിരീതികൾക്ക് തുടക്കമിടാൻ എം.എൽ.എ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും യോഗം തീരുമാനിച്ചു.
സ്വകാര്യ വ്യക്തികളുടെയടക്കം കുളങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ ഇരുപത് പേരടങ്ങുന്ന മസ്റ്റ് റോൾ തയ്യാറാക്കി അഞ്ച് പേരടങ്ങുന്ന നാല് ഗ്രൂപ്പുകളാക്കി സാമൂഹിക അകലം പാലിച്ച് കുളങ്ങൾ വൃത്തിയാക്കി മത്സ്യക്കൃഷിക്ക് രൂപം നൽകും. മുട്ടക്കോഴികളെയും കാട കോഴികളെയും വളർത്താനും പരിചരിക്കാനും വീട്ടമ്മമാർക്ക് പരിശീലനം നൽകും.
ഒരു വീട്ടിൽ ഏറ്റവും ചുരുങ്ങിയത് അഞ്ച് ഇനം പച്ചക്കറികളുണ്ട് എന്ന് ഉറപ്പ് വരുത്തും. മതിലകം അഗ്രോ സെൻ്ററിൻ്റെയും പഞ്ചായത്ത്തല കൃഷി ഓഫീസറുടെയും ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും ഓരോ വാർഡിലും ഉറപ്പ് വരുത്തും. ഓരോ പഞ്ചായത്തിൻ്റേയും കീഴിൽ പച്ചക്കറികളുടെ മാതൃകാത്തോട്ടം നിർമ്മിക്കും. കൃഷി വകുപ്പിനെ കൂടാതെ, റവന്യൂ വകുപ്പ്, മൈനർ ഇറിഗേഷൻ, മൃഗ സംരക്ഷണ വകുപ്പ്, സർവീസ് സഹകരണ സംഘങ്ങൾ, തുടങ്ങി സഹകരിക്കുന്ന മുഴുവൻ ഡിപ്പാർട്ട്മെൻ്റുകളും ജനപ്രതിനിധികളും, വായനശാലകൾ, ക്ളബ്ബുകൾ, സാമൂഹിക ജീവകാരുണ്യ പ്രവർത്തകർ, വിദ്യാലയങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി മുഴുവൻ പേരും ഇതിൽ പങ്കാളികളാകുമെന്നും ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ വ്യക്തമാക്കി.
യോഗത്തിൽ മതിലകം ബ്ളോക്ക് പ്രസിഡന്റ് കെ.കെ അബീദലി, വൈസ് പ്രസിഡന്റ് ലൈനാ അനിൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർ കെ. രേവ, എ.ഡി.എ ജ്യോതി പി. ബിന്ദു, പഞ്ചായത്ത് സെക്രട്ടറിമാർ, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാർ തുടങ്ങിയവർ സംബന്ധിച്ചു,