തൃശൂർ: മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഇടപെടലിനെത്തുടർന്ന്, കാൻസർ ബാധിതനായ സോഫ്റ്റ് വെയർ എൻജിനിയർ യു.കെയിൽ നിന്ന് പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ നാട്ടിലെത്തി. 37 കാരനായ എൻജിനിയറും ഭാര്യയും മകളുമാണ് ഇന്നലെ രാവിലെ 9.30ന് കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയത്.
തുടർന്ന് 10.30 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഗ്യാസ്‌ട്രോ എൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കാൻസർ ബാധയെ തുടർന്ന് യു.കെയിലെ എൻ.എച്ച്.എസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഗുരുതര നിലയിലായിരുന്ന അദ്ദേഹത്തിന് നാട്ടിലെ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നും കോഴിക്കോട് ചികിത്സ തുടരണമെന്നുമായിരുന്നു ആഗ്രഹം. ബ്രിസ്റ്റോൾ ബ്രാഡ്‌ലി സ്റ്റോക്ക് നഗരത്തിന്റെ മേയറായ കോട്ടയം സ്വദേശി ടോം ആദിത്യയാണ് ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലൂടെ എൻജിനിയറുടെ ആഗ്രഹം അൽഫോൻസ് കണ്ണന്താനത്തെ അറിയിച്ചത്. എൻജിനിയറുടെ അപേക്ഷ കണ്ണന്താനം കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക് അയച്ചു. അവിടെ നിന്ന് ഒരു മണിക്കൂറിനകം അനുമതി നൽകി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. രണ്ട് മണിക്കൂർ കൊണ്ട് ആഭ്യന്തര സെക്രട്ടറി അംഗീകാരം നൽകി. തുടർന്ന്, കേരള ചീഫ് സെക്രട്ടറിക്ക് റഫർ ചെയ്തു. ചീഫ് സെക്രട്ടറി അനുമതി നൽകിയതോടെ കേന്ദ്ര ആരോഗ്യവകുപ്പിലേക്കും പിന്നീട് വ്യോമയാന വകുപ്പ് ഡയറക്ടർ ജനറലിന്റെ പക്കലേക്കും എത്തുകയായിരുന്നു. അവിടെ നിന്ന് അവസാന ഉത്തരവിറങ്ങിയത്.