കൊടുങ്ങല്ലൂർ: കൊവിഡ് വ്യാപനത്തിൻ്റെ ദുരിതകാലത്ത് നഗരസഭയിലെ വാർഡ് കൗൺസിലർ സ്വന്തം കൈയിൽ നിന്നും പണം മുടക്കി വാർഡിലെ മുഴുവൻ ജനങ്ങൾക്കും സഹായമെത്തിക്കുന്നു. വാർഡ് 20 ലെ കൗൺസിലർ എം.എസ് വിനയ കുമാറാണ് പതിനായിരങ്ങൾ ചെലവ് ചെയ്ത് വാർഡിലെ വീടുകളിൽ പച്ചക്കറി കിറ്റുകൾ നൽകിയത്.

വാർഡിലെ 510 വീടുകളിലാണ് ഇദ്ദേഹം നേരിട്ട് കിറ്റ് എത്തിച്ചത്. 16 ഇനം പച്ചക്കറികൾ അടങ്ങിയ കിറ്റ് തുണി സഞ്ചിയിലാക്കിയാണ് വിതരണം നടത്തിയത്. ഇത് രണ്ടര ടണ്ണിലേറെ തൂക്കം വരുമെന്ന് കൗൺസിലർ പറഞ്ഞു. നേരത്തെ പല വ്യഞ്ജന കിറ്റുകളും ഈ വാർഡിലെ ജനങ്ങൾക്ക് നൽകിയിരുന്നു. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി സി.വി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ് വിനയകുമാർ, വി.എസ് രാജേഷ്, കെ.എസ് സിജിത്ത് എന്നിവർ പ്രസംഗിച്ചു.