തൃശൂർ: സർക്കാർ പൊതുജനങ്ങൾക്കായി നൽകുന്ന സൗജന്യ പലവ്യഞ്ജന കിറ്റിലേക്ക് കുടുംബശ്രീ സംരംഭ യൂണിറ്റുകളിൽ നിന്നും മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി എന്നിവ സപ്ലൈകോയുടെ വടക്കാഞ്ചേരി, കുരിയച്ചിറ എന്നീ ഗോഡൗണുകളിലേക്ക് നൽകി. രണ്ടാംഘട്ടത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി തെരഞ്ഞെടുത്ത ഇരുപതോളം യൂണിറ്റുകളിൽ നിന്നുമുള്ള ഉത്പന്നങ്ങളാണ് സപ്ലൈകോയ്ക്ക് കൈമാറിയത്.

100 ഗ്രാം വീതമുള്ള പാക്കറ്റുകളാണ് സൗജന്യ പലവ്യഞ്ജന കിറ്റിലേക്കായി നൽകിയത്. മുളക് പൊടി 5,730 പാക്കറ്റ്, മഞ്ഞൾ പൊടി 8,190 പാക്കറ്റ്, മല്ലിപ്പൊടി 8,715 പാക്കറ്റ് എന്നിവയാണ് ജില്ലയിലെ സപ്ലൈകോയുടെ 2 ഗോഡൗണുകളിലേക്കും ആയി ഇതുവരെ നൽകിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കായി നൽകിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റിലേക്കും കുടുംബശ്രീ സംരംഭ യൂണിറ്റുകളിൽ നിന്നും ഉത്പന്നങ്ങൾ നൽകിയിരുന്നു. മുളക് പൊടി 309 കി.ഗ്രാം, മഞ്ഞൾ പൊടി 255 കി.ഗ്രാം, ഗരം മസാല 23 കി. ഗ്രാം എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തിൽ കുരിയച്ചിറയിലുള്ള സപ്ലൈകോ ഗോഡൗണിലേക്ക് കൈമാറിയത്.