തൃശൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മുന്നിലാണെങ്കിലും പ്രധാന രക്ഷാ കവചമായ മാസ്‌ക് ഉപയോഗിക്കുന്നതിൽ ജനങ്ങൾ വിമുഖത കാട്ടുന്നത് ദോഷം ചെയ്യുമെന്ന് വിദഗ്ദ്ധർ. സന്നദ്ധ സംഘടനകൾ വീടുകളിലും സർക്കാർ ഓഫീസുകളിലും മാസ്‌കുകൾ എത്തിക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങുന്ന അറുപത് ശതമാനത്തോളം മാത്രമാണ് ഇവ ഉപയോഗിക്കുന്നത്. കേന്ദ്ര സർക്കാർ നൽകിയ ഇളവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥാപനങ്ങൾ തുറക്കാനുള്ള നീക്കത്തിലാണ് സർക്കാർ. സാമൂഹിക അകലം പാലിച്ചും മാസ്‌കുകൾ ധരിച്ചും പുറത്തിറങ്ങണമെന്ന കർശന നിർദ്ദേശം ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
പേടിക്കേണ്ടത് ലക്ഷണമില്ലാത്ത രോഗികളെ
പ്രതിരോധ ശേഷിയുള്ളവർക്ക് കൊവിഡ് 19 പകർന്നാൽ രോഗലക്ഷണങ്ങളോ അസ്വാസ്ഥ്യങ്ങളോ ഉണ്ടാകണമെന്നില്ല. പക്ഷേ ഇവരിൽ നിന്ന് മറ്റുള്ളവർക്ക് രോഗം പകരാം. മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിലുമൊക്കെ ഇത്തരം ആളുകളാകും രോഗവാഹകർ. വ്യക്തി ശുചിത്വം ശീലിക്കലും മാസ്ക് ഉപയോഗവും ഈ പകർച്ചയെ തടയും..
തുണിക്കടകൾ തുറക്കാത്തത് തിരിച്ചടി
മാസ്‌ക് ഉപയോഗം നിർബന്ധമാക്കിയെങ്കിലും ഇവ നിർമ്മിക്കാനാവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവ് തടസം സൃഷ്ടിക്കുന്നുണ്ട്. വസ്ത്രവ്യാപാര കടകൾ തുറന്ന് പ്രവർത്തിക്കാത്തത് മൂലം തുണിയും ആവശ്യത്തിന് ലഭിക്കുന്നില്ല. രാഷ്ട്രീയ പാർട്ടികളും സന്നദ്ധസംഘടനകളും മൊത്തക്കച്ചവടക്കാരെ കൊണ്ട് കടകൾ തുറപ്പിച്ച് തുണി എടുക്കുകയാണ് ചെയ്യുന്നത്. ഗ്രാമങ്ങളിൽ ഇതിന് കഴിയാത്തത് മൂലം മാസ്‌ക് കിട്ടാനില്ല.
ഇലാസ്റ്റിക് വരവ് നിലച്ചു
ഇലാസ്റ്റിക് എത്തുന്നത് ഗുജറാത്തിലെ സൂറത്തിൽ നിന്നാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും ഇവിടെ നിന്നാണ് പ്രധാനമായും സാധനമെത്തുന്നത്. കൂടാതെ അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള രവ് അതിർത്തികൾ അടച്ചതോടെ നിലച്ചു.
നിർമ്മാണ ചെലവ്
ഏകദേശം 6 മുതൽ 8 രൂപ വരെ
കടകളിൽ 10 മുതൽ 12 വരെ
................
പുറത്ത് പോകുമ്പോൾ മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. കൂടുതൽ കടകൾ തുറക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കണം.
കെ.ജെ. റീന, ഡി.എം.ഒ
............
മാസ്‌ക് ഉപയോഗിക്കാത്തവരെ പൊലീസ് ഉപദേശിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അടുത്ത ദിവസം മുതൽ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
വി.കെ രാജു, എ.സി.പി, തൃശൂർ