ചാവക്കാട്: ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ച വൈദ്യുതി മീറ്റർ റീഡിംഗ് പുനരാംഭിച്ചപ്പോൾ ഉപഭോക്താക്കളുടെ വൻ പരാതി കൂമ്പാരം. സാധാരണ 60 ദിവസം കൂടുമ്പോഴാണ് മീറ്റർ റീഡിംഗ് എടുക്കാറ് പതിവ്. ഇപ്പോൾ മേഖലയിൽ 70 ,80 ദിവസം വരെയുള്ള ബില്ല് ഒരുമിച്ചാണ് മീറ്റർ റീഡിംഗ് എടുക്കാൻ വരുന്നവർ നൽകുന്നത്. ഇതോടെ പലരുടെയും സ്ലാബിൽ വ്യത്യാസം വരുന്നു. അതനുസരിച്ച് യൂണിറ്റ് നിരക്കിലും വ്യത്യാസം വരും. ഇത് വൻ ചാർജ് വർദ്ധനയ്ക്ക് കാരണമാകുന്നുവെന്ന് ഉപഭോക്താക്കൾ പറയുന്നു.
സ്‌ലാബ് നിരക്കിൽ മാറ്റമുണ്ടാകുന്നതോടെ അധികത്തുക നൽകേണ്ടിവരും. ഫിക്‌സഡ് ചാർജിലും വ്യത്യാസമുണ്ടാകും. നിലവിൽ 60 ദിവസത്തിനുള്ളിൽ 250 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾ യൂണിറ്റിന് 3.65 രൂപയാണ് നൽകേണ്ടത്. 80 ദിവസത്തെ മീറ്റർ റീഡിംഗ് ഒന്നിച്ചെടുക്കുമ്പോൾ 250 യൂണിറ്റിന് മുകളിൽ പോകാൻ സാദ്ധ്യത കൂടുതലാണ്. അതോടെ യൂണിറ്റിന് 4 .25 രൂപ നിരക്കിലാണ് ചാർജ് കണക്കാക്കുക.
60 ദിവസത്തെ ബില്ല് നൽകാൻ ആവശ്യപ്പെട്ടിട്ടും മീറ്റർ റീഡർമാർ സമ്മതിക്കുന്നില്ലെന്നാണ് പരാതി. റീഡിംഗ് തീയതി വരെയുള്ള ബില്ലാണ് മീറ്റർ റീഡർമാർ ഇപ്പോൾ നൽകുന്നത്. മുഴുവൻ യൂണിറ്റിനുമുള്ള ബില്ല് നൽകാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നതെന്ന് മീറ്റർ റീഡർമാർ പറയുന്നു. ലോക്ക് ഡൗണിനെ തുടർന്ന് ദുരന്തത്തിൽ കഴിയുന്നവരിൽ നിന്നും കെ.എസ്.ഇ.ബി പിടിച്ചു പറിയാണ് ഇതുവഴി ചെയ്യുന്നതെന്ന് ഉപഭോക്താക്കൾ ആരോപിച്ചു.