എരുമപ്പെട്ടി: കൊവിഡ് കാലഘട്ടത്തിൽ തിരിച്ച് പോകുവാൻ കഴിയാത്ത മുഴുവൻ പ്രവാസികൾക്കും ആശ്വാസ ധനസഹായം നൽകാൻ നടപടിയുണ്ടാകണമെന്ന് രമ്യ ഹരിദാസ് എം.പി ആവശ്യപ്പെട്ടു. ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തിയ പ്രവാസികൾക്ക് നോർക്കാ വഴി അടിയന്തര സഹായമായി 5000 നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ 2020 ജനുവരി ഒന്നിന് മുമ്പ് നാട്ടിലെത്തിയ പ്രവാസികളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ജനുവരി ഒന്നിന് മുമ്പ് നാട്ടിലെത്തിയിട്ടുള്ള വിസ കാലാവധി പൂർത്തിയാകാത്ത നിരവധി പ്രവാസികൾ കൊവിഡ് വ്യാപനം കാരണം മടങ്ങിപ്പോകാൻ കഴിയാതെ നാട്ടിലുണ്ടെന്നും എം.പി പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് പന്നിത്തടം ചിറമനേങ്ങാട് മൊയ്തു പന്തലിങ്ങൽ അബ്ദുൾ കരീം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.