എരുമപ്പെട്ടി: കാഞ്ഞിരക്കോടിൽ അനധികൃതമായി നിർമ്മിച്ചിട്ടുള്ള ഫ്‌ളാറ്റിൽ നിന്നും കക്കൂസ് മാലിന്യം അടങ്ങിയ ജലം പുറത്തേക്കൊഴുകി സമീപ പ്രദേശങ്ങളിലെ കിണറുകൾ മലിനപ്പെടുന്നതായി പരാതി. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ 8 കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായത്. എരുമപ്പെട്ടി പഞ്ചായത്തിലെ 13-ാം വാർഡിലാണ് ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. സെപ്ടിക് ടാങ്കിന്റെ നിർമ്മാണത്തിലുള്ള അപാകതയാണ് ദുർഗന്ധം വമിക്കുന്ന മലിനജലം പുറത്തേക്കൊഴുകാൻ ഇടയാക്കുന്നത്.

20 വർഷമായി പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന ജലസ്രോതസ് ഇതുമൂലം ഉപയോഗ ശൂന്യമായി. കിണറുകളിൽ കൂത്താടികൾ നിറഞ്ഞതിനെ തുടർന്ന് പരിശോധിക്കുകയും വെള്ളത്തിൽ കോളിഫോം ബാക്ടീരിയകൾ കണ്ടെത്തുകയും ചെയ്തിരുന്നു. അതിനാൽ ലോക്ക് ഡൗൺ കാലത്തും 200 മീറ്റർ അകലെ നിന്നുമാണ് കുട്ടികൾ ഉൾപ്പടെയുള്ളവർ കുടിവെള്ളം ചുമന്ന് കൊണ്ട് വരുന്നത്. കൊറോണ വൈറസിനെതിരെ മുൻകരുതലെടുക്കുമ്പോഴും മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നീ പകർച്ചവ്യാധികളെ കൂടി ഭയന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ.

നിരവധി തവണ പരാതി നൽകിയിട്ടും ആരോഗ്യ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ പഞ്ചായത്ത് അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വാർഡ് മെമ്പർ സുരേഷ് നാലുപുരയ്ക്കൽ അറിയിച്ചു.