tn-prathapan

തൃശൂർ: അഡോണയെന്ന മൂന്നര വയസുകാരിക്ക് തന്റെ ശമ്പളത്തുകയിൽ നിന്ന് ജീവൻ രക്ഷാ മരുന്ന് വാങ്ങി നൽകി ആദ്യ നോമ്പ് ദിനത്തിൽ പ്രതാപൻ എം.പിയുടെ സക്കാത്ത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയ നോമ്പെടുക്കൽ മൂന്ന് പതിറ്റാണ്ടായി തുടരുന്ന പ്രതാപന് ഇത്തവണ ആദ്യ നോമ്പ് ദിനത്തിൽ തന്നെ പുണ്യപ്രവൃത്തി ചെയ്യാനായതിന്റെ സംതൃപ്തി.

പുത്തൂർ മാമംഗലത്തെ ആട്ടോ ഡ്രൈവർ ബിജുവുമായി ജില്ലാ പഞ്ചായത്ത് അംഗം ഓമനയാണ് എം.പിയുടെ ഓഫീസിലെത്തിയത്. മൂന്നര വയസുകാരി മകൾ രക്തത്തിലെ പ്ലേറ്റ്‌‌ലെറ്റ് കുറയുന്ന രോഗത്തിന് വെല്ലൂരിൽ ചികിത്സയിലാണ്. പതിനഞ്ച് ദിവസത്തേക്കുള്ള മരുന്നിന് 14,400 രൂപയാകും. എം.പിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അതിജീവനം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സംവിധാനമുപയോഗിച്ച് ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടു. അവർ നൽകിയ ഡിസ്‌ക്കൗണ്ട് കഴിഞ്ഞാലും ഏഴായിരം രൂപ വേണം മരുന്നിന്. ലോക്ക് ഡൗൺ മൂലം പണിയില്ലാത്ത ബിജുവിന് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ഒടുവിൽ തന്റെ ശമ്പളത്തിൽ നിന്ന് മരുന്നിനുള്ള തുക നൽകുകയായിരുന്നു പ്രതാപൻ.