തൃശൂർ: കൊള്ള പലിശക്കാരുടെ പിടിയിൽ നിന്നും കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി ഉതകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ പദ്ധതി അനുസരിച്ച് 2,000 കോടി രൂപ വായ്പയായി വിതരണം ചെയ്യും. തിരിച്ചടയ്ക്കാനുള്ള ശേഷിയനുസരിച്ച് 5000 മുതൽ 20,000 രൂപ വരെയാണ് ഈ പദ്ധതിയിൽ വായ്പയായി നൽകുക. ആറ് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച പദ്ധതിയിൽ ഒമ്പത് ശതമാനമാണ് പലിശ. പലിശ സബ്സിഡി അനുസരിച്ച് പിന്നീട് ഇവർക്ക് തന്നെ തിരിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ അദ്ധ്യക്ഷനായി. സി.ഡി.എസുകൾക്കുള്ള ചെക്കുകൾ മന്ത്രി വിതരണം ചെയ്തു. നടത്തറ സിഡിഎസ് പരിധിയിലുള്ള 12 പേർക്ക് മൂർക്കനിക്കര സർവീസ് സഹകരണ ബാങ്കിൽ നിന്ന് സി എം എച്ച് എൽ എസ് പ്രകാരം 60,000 രൂപയും ലിങ്കേജ് ലോൺ ആയി 1,80,000 രൂപയും ചേർത്ത് 2,40,000 രൂപയുടെ ചെക്ക് കൈമാറി. കൃഷിമന്ത്രി വി.എസ് സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ .കെ ഉദയപ്രകാശ്, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി ആർ രജിത് തുടങ്ങിയവർ പങ്കെടുത്തു.