കൊടുങ്ങല്ലൂർ: കേരള ചലച്ചിത്ര അക്കാഡമി ചെയർമാനും സംവിധായകനുമായ കമലിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ സമരം. അടഞ്ഞു കിടന്നിരുന്ന വീടിന്റെ ഗേറ്റിന് മുമ്പിൽ യുവമോർച്ച കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഇ.ആർ ജിതേഷ്, ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ.ആർ വിദ്യാസാഗർ, യുവമോർച്ച പ്രവർത്തകരായ വിഷ്ണുപ്രസാദ്, വൈശാഖ് എന്നിവർ സാമൂഹിക അകലം പാലിച്ച് പോസ്റ്ററുകളുമേന്തി നില കൊണ്ടായിരുന്നു പ്രതിഷേധം. ഉച്ചയോടെ സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സിനിമയിൽ നായികാ വേഷം വാഗ്ദാനം ചെയ്ത് കമൽ തന്നെ പീഡിപ്പിച്ചതായി ആരോപണമുന്നയിച്ച് ഒരു യുവനടി രംഗത്ത് വന്നത് സംബന്ധിച്ച വാർത്ത വന്നതിന് പിന്നാലെയാണ് യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുളള പോസ്റ്ററുകൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.