കൊടുങ്ങല്ലൂർ: ലോക്ക് ഡൗൺ കാലത്ത് ഗതാഗത സൗകര്യമില്ലാത്തതിനാൽ ജീവനക്കാർക്ക് ഓഫീസിലെത്താനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ നഗരസഭ പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തി. രാവിലെയും വൈകീട്ടും സർവീസ് നടത്തുന്നുണ്ട്. രാവിലെ 8.30 ന് തൃശൂർ പാലക്കൽ നിന്നും ചെറിയ പാലം, ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ, മാള, നെല്ലായി, ആളൂർ, മാള, പൊയ്യ, ആനാപ്പുഴ വഴി കൊടുങ്ങല്ലൂർ എത്തുന്നതാണ് റൂട്ട്. ഈ റൂട്ടിലും പരിസരത്തും താമസിക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ബസ് റൂട്ട് സൗകര്യപ്പെടുത്തിയത്.

വൈകീട്ട് തിരികെ പോകാനും ബസ് സർവീസ് ഉണ്ട്. പ്രധാന റോഡിലൂടെയാണ് വാഹനം സർവീസ് നടത്തുന്നത്. നഗരസഭാ പരിധിയിലെ ഒരു സ്വകാര്യ സ്കൂളിന്റെ ബസാണ് ജീവനക്കാരുടെ യാത്രയ്ക്കായി ഒരുക്കിയത്. ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി ബസ് സർവീസ് നടത്തുന്നതിന് ലഭിച്ചിട്ടുണ്ട്. ടൂ വീലറിൽ വിവിധ സ്ഥലങ്ങളിൽ നിന്നും എറണാകുളം ജില്ലയിൽ നിന്നും എത്തുന്ന ജീവനക്കാരുമുണ്ട്. ബസ് സർവീസ് ഏർപ്പെടുത്തിയതിനെ തുടർന്ന് മുഴുവൻ ജീവനക്കാരും ഓഫീസിൽ എത്തുന്നുണ്ടെന്ന് ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു.