തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളിൽ ഭക്ഷണവും മരുന്നും എത്തിക്കാനും അണുനശീകരണത്തിനും സാനിറ്റൈസർ കുഞ്ഞപ്പൻ 2.0 റോബോട്ട്. തൃശൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ ഫാബ് ലാബാണ് റോബോട്ട് രൂപകൽപ്പന ചെയ്തത്. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ റോബോട്ട് സ്വിച്ച് ഓൺ ചെയ്തു. കൊവിഡ് വാർഡ് മനുഷ്യസഹായമില്ലാതെ അണുവിമുക്തമാക്കാൻ റോബോട്ടിനാകും.

കൊവിഡ് രോഗബാധിതരെ ചികിത്സിക്കാൻ പി.പി.ഇ കിറ്റ് ധരിക്കുന്നവരെ പമ്പ് ഉപയോഗിച്ച് സാനിറ്റൈസ് ചെയ്യുന്നത് ഒഴിവാക്കാൻ ഈ റോബോട്ടിലൂടെ കഴിയും. ഏതു ദിശയിലേക്കും സഞ്ചരിക്കാവുന്ന റോബോട്ടിന്റെ നോസിൽ രണ്ട് മീറ്റർ ദൂരത്തിൽ വരെ സാനിറ്റൈസ് ചെയ്യാവുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്. 27 കിലോഗ്രാം ഭാരം താങ്ങാനാകും.

രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കാനും കഴിയും. ഒരേ നെറ്റ് വർക്കിലുള്ള ഏത് കമ്പ്യൂട്ടറിൽ നിന്നും സ്മാർട്ട് ഫോണുകളിൽ നിന്നും ഈ റോബോട്ടിനെ നിയന്ത്രിക്കാം. സ്വയം സാനിറ്റൈസ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. വൈ ഫൈ സംവിധാനം ഉപയോഗിച്ചും റോബോട്ടിനെ നിയന്ത്രിക്കാം. രോഗികളെ സ്‌ക്രീൻ ചെയ്യാനും നാവിഗേറ്റ് ചെയ്യാനുമായി ഉപയോഗിക്കുന്നത് ലൈവ് വീഡിയോ സ്ട്രീമിംഗ് സംവിധാനമാണ്.

25 മിനിറ്റ് വരെ സാനിറ്റൈസ് ചെയ്യാം. 12,000 രൂപയാണ് ഒരു റോബോട്ടിനുള്ള നിർമ്മാണച്ചെലവ്. എൻജിനിയറിംഗ് കോളേജ് കമ്പ്യൂട്ടർ വിഭാഗം അദ്ധ്യാപകനായ അജയ് ജെയിംസിന്റെ കീഴിൽ സൗരവ് വി.എസ്, അശ്വിൻ കുമാർ, പ്രണവ് ബാലകൃഷ്ണൻ, ചെറിയാൻ ഫ്രാൻസിസ് എന്നിവരാണ് കെ.ജി.എം.ഒ.എയുടെയും കോളേജ് പി.ടി.എയുടെയും സഹകരണത്തോടെ റോബോട്ടിനെ നിർമ്മിച്ചത്.