കാഞ്ഞാണി : കൊവിഡിലും പ്രളയദുരന്തത്തിന് മുൻകരുതലെടുക്കുകയാണ് കാരമുക്കിലെ ഒരുകൂട്ടം സന്നദ്ധപ്രവർത്തകർ. കൊവിഡ് 19 പ്രതിരോധ സേവനപ്രവർത്തനങ്ങൾക്കിടയിലാണ് ഈ സന്നദ്ധപ്രവർത്തകർ പ്രളയത്തിനായി മുൻകരുതലെടുക്കുന്നത്. ഇറിഗേഷൻ കനാലുകളും കുളങ്ങളും വൃത്തിയാക്കാൻ വേണ്ട നടപടിയെടുക്കണമെന്ന് പഞ്ചായത്തിനോട് പറഞ്ഞപ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് കിട്ടിയതെന്നും അതോടെ ഈ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നുവെന്ന് നേതൃത്വം നൽകുന്ന ഷാജു വളപ്പൻ പറഞ്ഞു. കഴിഞ്ഞ രണ്ടുതവണ ഉണ്ടായ പ്രളയത്തിൽ മണലൂർ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടായിരുന്നു. വെള്ളം ഒഴുകി പോകാനാകാത്ത അവസ്ഥയിലായിരുന്നു. അന്നും ഈ സന്നദ്ധപ്രവർത്തകർ തന്നെയാണ് വീടുകളിൽ കുടുങ്ങിപ്പോയവരെ രക്ഷിച്ചത്. ഈ പാഠം ഉൾക്കൊണ്ടാണ് സന്നദ്ധപ്രവർത്തകർ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് കിടക്കുന്ന മണലൂർ പഞ്ചായത്തിലെ കാനകളിലെയും കുളങ്ങളിലെയും മണ്ണെടുത്തും തടസം നീക്കിയും സന്നദ്ധ പ്രവർത്തനം നടത്തുന്നത്. നിർദ്ധന കുടുംബങ്ങളിലെ ആളുകൾക്ക് മരുന്നും ഭക്ഷണവും പലവ്യഞ്ജനങ്ങളും എത്തിച്ചുകൊടുക്കുന്നുണ്ട് ഈ സംഘം. ഫണ്ട് സന്നദ്ധപ്രവർത്തകരിൽ നിന്നാണ് കണ്ടെത്തുന്നത്. ഏത് സമയത്തും ഇവരുടെ സേവനം ലഭ്യമാണ്. ഓട്ടോ ഡ്രൈവറായ ഷാജു വളപ്പന്റെയും നെൽസണിന്റെയും നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകരുടെ സേവനം 24 മണിക്കൂറും വാഹനങ്ങൾ ഉൾപ്പെടെ ലഭ്യമാണ്..