തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഗവേണിംഗ് കൗൺസിൽ യോഗം ഈ വർഷം 199 മെഡിക്കൽ ബിരുദാനന്തര ബിരുദ സീറ്റുകൾ അനുവദിക്കുന്നതിന് തീരുമാനിച്ചു. എം.ബി.ബി.എസ് പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് പുതുതായി അനുവദിച്ച പി.ജി സീറ്റുകളിൽ പ്രവേശനം ലഭിക്കും. സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പഠനം പൂർത്തീകരിച്ച വിവിധ ഫാക്കൽറ്റികളിലുള്ള 9,458 വിദ്യാർത്ഥികളുടെ ബിരുദത്തിനും ഗവേണിംഗ് കൗൺസിലിൽ അംഗീകാരമായി.
സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി നടന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. കൊവിഡ് 19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികളുടെ വീടുകളിലേക്ക് അയച്ചു കൊടുക്കും. നിലവിലുള്ള 155 കോളേജുകൾക്ക് തുടർപ്രവർത്തനാനുമതിക്കുള്ള അംഗീകാരവും ഗവേണിംഗ് കൗൺസിലിലുണ്ടായി. മെഡിക്കൽ വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ കോഴ്‌സുകളിലും മാനവിക വിഷയങ്ങളും ഭാഷയും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും, പഠനം പൂർത്തിയാകുന്നവരുടെ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതിനുതകുന്ന തരത്തിൽ ഫിനിഷിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നതിനും തീരുമാനിച്ചു. നാലുമണിക്കൂറിലേറെ നീണ്ട വീഡിയോ കോൺഫറൻസ് വഴി നടന്ന ഗവേണിംഗ് കൗൺസിലിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറടക്കം 15 പേർ പങ്കെടുത്തു.