തൃശൂർ : ലോക്ക് ഡൗണിന് ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഗ്രാമപ്രദേശങ്ങളിൽ ഭൂരിഭാഗം കടകളും തുറന്നെങ്കിലും നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്നു. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡം അനുസരിച്ച് കടകളെല്ലാം അണുവിമുക്തമാക്കിയ ശേഷമേ തുറക്കാൻ പാടൂള്ളുവെന്ന നിർദ്ദേശം പലരും പാലിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കൈകഴുകുന്നതിനുള്ള സൗകര്യമോ, മറ്റ് സജ്ജീകരണങ്ങളോ ഒരുക്കാതെയായിരുന്നു പലരും കടകൾ തുറന്നത്. കഴിഞ്ഞ എതാനും ദിവസം മുമ്പ് കടകളിൽ ശുചീകരണം നടത്താൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരുന്നെങ്കിലും പലരും എത്തിയിരുന്നില്ല.
സമൂഹിക അകലം ഇല്ല
കടകളിൽ സാമൂഹിക അകലം പാലിച്ച് മാത്രമേ കച്ചവടം നടത്താൻ പാടൂള്ളുവെന്ന നിർദ്ദേശവും ലംഘിക്കപ്പെടുന്നുണ്ട്. ചുരുക്കം ചിലർ മാത്രമാണ് കയർ കൊണ്ട് കെട്ടി അകലം പാലിച്ചിരിക്കുന്നത്.
റേഷൻ കടകളിലും തോന്നിയപടി
റേഷൻ കടകളിൽ ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങളിൽ കർശന നിയന്ത്രണങ്ങളോടെയാണ് റേഷൻ സാധനം നൽകിയിരുന്നത്. പല സ്ഥലങ്ങളിലും ഒരു മീറ്റർ അകലം പാലിച്ചുകൊണ്ട് കളം വരച്ചിട്ടിരുന്നെങ്കിലും ഇപ്പോൾ അത്തരം നിബന്ധനകൾ ഒന്നും പാലിക്കുന്നില്ല. പല സ്ഥലങ്ങളിലും കൂട്ടം കൂടി നിന്നാണ് സാധനം വാങ്ങുന്നത്.
നഗരം നിശ്ചലം തന്നെ
ലോക്ക് ഡൗൺ ഇളവുകൾ നൽകിയെങ്കിലും നഗരത്തിൽ ഇന്നലെ തുറന്ന് പ്രവർത്തിച്ചത് ചുരുക്കം ചില കടകൾ മാത്രം. മൊബൈൽ ഷോപ്പുകൾ പോലും വളരെ കുറച്ച് മാത്രമേ തുറന്നുള്ളൂ. പൊതുഗതാഗതത്തിന് അനുമതിയില്ലാത്തതിനാൽ ജനങ്ങൾ എത്താത്തതും സാധനങ്ങളുടെ ലഭ്യതക്കുറവുമാണ് പ്രശ്നമെന്ന് വ്യാപാരികൾ പറയുന്നു. ഇന്നലെ ഞായറാഴ്ച്ചയായതും കടകൾ തുറക്കാതിരിക്കാൻ കാരണമായി. ഇന്ന് കൂടുതൽ കടകൾ തുറന്നേക്കും.
ചായക്കടകൾ അടപ്പിച്ചു
ഗ്രാമപ്രദേശങ്ങളിൽ ഇളവ് ലംഘിച്ച് പ്രവർത്തിച്ച ചായക്കടകൾ പൊലീസ് അടപ്പിച്ചു. ഇരുന്ന് ഭക്ഷണം കഴിക്കുന്ന ചായക്കടകളാണ് അടപ്പിച്ചത്.
പാഴ്സൽ വർദ്ധിച്ചു
ഭക്ഷണം പാഴ്സൽ കൊടുക്കുന്ന കടകളുടെ എണ്ണം നഗര പ്രദേശങ്ങളിൽ വർദ്ധിച്ചു. ഇളവുകൾ നൽകി തുടങ്ങിയതോടെ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ എണ്ണവും വർദ്ധിച്ചു.
പരിശോധന തുടരുന്നു
അനാവശ്യ യാത്രക്കാരെ പിടികൂടാനുള്ള പൊലീസിന്റെ പരിശോധന തുടരുകയാണ്. ഇളവിന്റെ മറവിൽ കാരണമില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
..............
സുരക്ഷാ മാനദണ്ഡം പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനാകില്ല. വെള്ളം, ഹാൻഡ് വാഷ്, സാനിറ്റൈസർ, സാമൂഹിക അകലം പാലിക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയാൽ മാത്രമേ കടകൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ....
എസ്. ഷാനവാസ്
ജില്ലാ കളക്ടർ